കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം പുതുജീവൻ അഗതിമന്ദിരത്തിൽ മൂന്ന് ദുരൂഹ മരണം. ഒരാഴ്‌ചയ്‌ക്കിടെ ഒരേ രീതിയിലാണ് മൂന്ന് മരണങ്ങളും. സമാന ലക്ഷണങ്ങളോടെ ആറ് പേർ ആശുപത്രിയിലാണ്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.
മൂന്നാമത്തെയാൾ മരിച്ചത് ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളേജിലാണ്. ഇയാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ന്യൂമോണിയ തന്നെയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളാണ് ചികിത്സയിൽ കഴിയുന്ന ആറ് പേർ കാണിക്കുന്നത്. ന്യുമോണിയ മൂലമാണ് മൂന്നുപേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷെറിൻ (44 വയസ്), ഗിരീഷ് (55), യോഹന്നാൻ (21) എന്നിവരാണ് മരിച്ചത്. ഷെറിൻ, യോഹന്നാൻ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്‌തു. ഗിരീഷിന്റെ മൃതദേഹം എംബാം ചെയ്‌ത് നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
Read Also: ‘തുടക്കം മാംഗല്യം തന്തുനാനേന’ ഫോണിലൂടെ ദുൽഖർ പാടി; ‘കുഞ്ഞി’ക്ക് കിടിലൻ സർപ്രെെസ്
സമാനരീതിയിൽ ഇത്രയും മരണങ്ങൾ നടന്നിട്ടും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നേരത്തെയും ഇത്തരത്തിൽ ദുരൂഹ മരണങ്ങൾ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മരണകാരണം കോവിഡോ എച്ച്‍വൺഎൻവണ്ണോ അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു.ഡോക്‌ടർമാരുടെ സമിതി രൂപീകരിച്ചാണ് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്.
ഒരു സ്ത്രീയടക്കം ആറു പേരാണ് ചികിത്സയിലുള്ളത്. വിഷാംശം ഉണ്ടോയെന്ന് അറിയാൻ സാംപിളുകൾ ടോക്‌സിക്കോളജി ടെസ്റ്റിന് അയച്ചിട്ടുണ്ട്.