വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പുതിയ വെളിപ്പെടുത്തല്‍. പൊലീസിന്റെ സാക്ഷിമൊഴി വ്യാജമാണെന്നാണ് വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത കേസിലെ സാക്ഷിയാണെന്ന് പൊലീസ് തന്നെ അവകാശപ്പെടുന്ന പരമേശ്വരനാണ് പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ശ്രീജിത്തും സംഘവും മര്‍ദ്ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും വാസുദേവനെ ശ്രീജിത്ത് മര്‍ദ്ദിക്കുന്നതിന് താന്‍ സാക്ഷിയായിട്ടില്ലെന്നും പരമേശ്വരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പരമേശ്വരന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് താന്‍ പൊലീസിനെയോ പൊലീസ് തന്നെയോ കണ്ടിട്ടില്ലെന്നും പരമേശ്വരന്‍ പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് പരമേശ്വരന്‍.

അതേസമയം, ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐക്കെതിരെ തൽക്കാലം നടപടി എടുത്തില്ല. നേരത്തെ, മരിച്ച ശ്രീജിത്ത് വീട് ആക്രമിച്ച കേസിലെ പ്രതിയായിരുന്നില്ലെന്നും സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്നും ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പൊലീസ് രംഗത്തെത്തി.

ആക്രമണത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു എന്നാണ് വിനീഷ് പറഞ്ഞത്. മരിച്ച ശ്രീജിത്തിന് വീട് ആക്രമിച്ച സംഭവത്തില്‍ ബന്ധമില്ലെന്നും വിനീഷ് പറഞ്ഞു. അതേസമയം, മരിച്ച ശ്രീജിത്ത് തന്റെ സുഹൃത്തായിരുന്നുവെന്നും വിനീഷ് പറഞ്ഞു. ഇയാളുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും പൊലീസിനോട് ശ്രീജിത്തിന്റെ പേര് പറഞ്ഞിരുന്നില്ലെന്നും വിനീഷ് പറഞ്ഞു.

അതേസമയം, ശ്രീജിത്ത് ആശുപത്രിയില്‍ മരണപ്പെട്ട സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ