തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാൻ വിതരണം ചെയ്തത് സാംസ്കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി കെ.ടി ജലീൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, ദ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാനും റംസാൻ കിറ്റും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും അവരിൽ നിന്ന് ഞാനെന്തെങ്കിലും സമ്മാനമോ പൈസയോ വാങ്ങിയോ എന്നുമായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നത്. ഞാൻ യുഎഇ കോൺസുലേറ്റിൽ നിന്ന് ഒന്നു സ്വീകരിച്ചിട്ടില്ല. റംസാൻ കിറ്റ് വിതരണത്തിൽ ഒരു പണമിടപാടും ഇല്ലായിരുന്നു. എന്റെ കൈകൾ ശുദ്ധമാണ്,” ജലീൽ പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
”എന്റെ വ്യക്തിപരമായ ആസ്തികളെക്കുറിച്ചും ചോദിച്ചിരുന്നു. എന്റെ വീട് നിൽക്കുന്നിടത്തുള്ള 19.5 സെന്റ് സ്ഥലമാണ് എനിക്കുള്ളത്. ഇതല്ലാതെ സ്വർണമോ മറ്റ് വസ്തുവകകളോ എനിക്കോ കുടുംബത്തിനോ ഇല്ല. ഒരു ബാങ്ക് നിലവറകളിലും വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നും തന്നെ എന്റെ പക്കലില്ല,” അദ്ദേഹം പറഞ്ഞു.
Read More: ജലീലിന്റെ വാഹനവ്യൂഹത്തിനു മുന്നിൽചാടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞു
ഇന്നലെ വളാഞ്ചേരിയിലെ വീട്ടിൽ നിന്നും മന്ത്രി ജലീൽ തലസ്ഥാനത്തെത്തി. യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധങ്ങൾക്കിടെ ജലീൽ മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ആദ്യമായാണ് മന്ത്രി ഇന്നലെ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്. ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നിരവധി സംശയങ്ങൾ ഉന്നയിച്ചു. എന്നാൽ, മന്ത്രി ഒന്നിനും മറുപടി നൽകിയില്ല.
ജനങ്ങളോട് പറയാനുള്ള ഫെയ്സ്ബുക്കിൽ സംസാരിക്കുമെന്ന് മാത്രം പറഞ്ഞ മന്ത്രി പല ചോദ്യങ്ങളും ചിരിയോടെ ഒഴിവാക്കുകയായിരുന്നു. എങ്ങോട്ടാണ് യാത്രയെന്ന് മന്ത്രിയോട് പല മാധ്യമപ്രവർത്തകരും ചോദിച്ചു. എന്നാൽ, അതിനും ജലീൽ മറുപടി നൽകിയില്ല.
ജലീലിന്റെ യാത്രയിൽ വഴിനീളെ പ്രതിഷേധമുണ്ടായിയിരുന്നു. തൃശൂർ പാലിയേക്കരയിൽ മന്ത്രി ജലീലിന്റെ വാഹനവ്യൂഹത്തിന് മുൻപിലേക്ക് ചാടി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ മന്ത്രിയുടെ വാഹനവ്യൂഹം തടയുംകയും ചെയ്തു. പൊലീസ് ജീപ്പിൽ തട്ടി യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു. പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര. വാഹനം തടഞ്ഞവരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കുകയായിരുന്നു.