ന്യൂഡെല്‍ഹി: പാര്‍ലമെന്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇ അഹമ്മദിന് അവിടെ ക്രൂരമായ അതിക്രമമാണ് നേരിടേണ്ടി വന്നതെന്ന് മക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടപടി എടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായി മകള്‍ ഫൗസിയ ഷെര്‍സാദ് പറഞ്ഞു. തന്റെ പിതാവിനോട് ഒരു രീതിയിലുമുള്ള മനുഷ്യത്വം കാട്ടിയില്ല. ഈ നീതികേട് ഇനി ആരോടും ഉണ്ടാകരുതെന്നും ഫൗസിയ മനോരമയോട് പറഞ്ഞു.

നീതി കിട്ടാനുള്ള നടപടികള്‍ സ്വീകരിക്കും. പിതാവിന്റെ മുഖം വികൃതമായ രീതിയിലാണ് കാണപ്പെട്ടത്. ഇതിന് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.

ഒരു രോഗിയോടും ചെയ്യാന്‍ പാടില്ലാത്തതാണ് ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ നടന്നതെന്ന് മകന്‍ നസീര്‍ അഹമ്മദ് പറഞ്ഞു. രോഗിക്ക് 15 മിനിറ്റ് മാത്രം ഉപയോഗിക്കേണ്ട ഉപകരണം മണിക്കൂറുകളോളമാണ് ഉപയോഗിച്ചത്. ബ്രെയിന്‍ ഫങ്ഷന്‍ ടെസ്റ്റ് നടത്താതെ എഗ്മോ ചെയ്യാന്‍ ശ്രമിച്ചു. രാജ്യത്തുള്ള മുഴുവന്‍ ആരോഗ്യ വിദഗ്ധരും ആശുപത്രി അധികൃതരുടെ നടപടിയില്‍ ലജ്ജിക്കണമെന്നും നസീര്‍ പറഞ്ഞു.

ബജറ്റ് അവതരണത്തില്‍ തടസ്സം വരാതിരിക്കാന്‍ അഹമ്മദിന്റെ മരണവിവരം മൂടിവെച്ചുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് മക്കള്‍ രംഗത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ