കോഴിക്കോട്: നികുതിയടക്കാത്തതിനെ തുടര്‍ന്ന് ഇന്‍ഡിഗൊ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ബസ് ഫറോക്ക് ചുങ്കത്തെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചപ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്.
ആറ് മാസത്തെ നികുതിയടയ്ക്കാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നികുതിയും പിഴയും അടച്ചാല്‍ മാത്രമെ ബസ് വിട്ടു നല്‍കൂ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഏകദേശം നാല്‍പ്പതിനായിരം രൂപയോളം ഇന്‍ഡിഗൊ അടയ്ക്കണം. ആര്‍ടിഒ ഷാജു ബക്കറിന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരായ ഡ ശരത്, ജി ജി അലോഷ്യസ് എന്നിവര്‍ നേരിട്ടെത്തിയാണ് ബസ് കസ്റ്റഡിയിലെടുത്തത്.
വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യുഡിഎഫ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ ഇന്‍ഡിഗൊ മൂന്ന് മാസത്തേക്ക് വിലക്കിയതിനുള്ള പ്രതികാര നടപടിയാണ് മോട്ടോര്‍ വാഹന വകുപ്പിന്റേതെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി ഇതിന് ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.