scorecardresearch
Latest News

കുട്ടികളെ നിര്‍ത്തിയുള്ള യാത്ര വേണ്ട, ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം; സ്കൂള്‍ ബസുകളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍

സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്

School Reopening, School Bus
ഫയല്‍ ചിത്രം

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളിൽ ഓൺ സ്‌കൂൾ ഡ്യൂട്ടി എന്ന ബോർഡ് വയ്ക്കണം. സ്‌കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം.

സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം.

സ്‌കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലെന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.

സ്‌കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളിൽ ഹാജരാക്കി പരിശോധന സ്റ്റിക്കർ വാഹനത്തിൽ പതിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം. സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും അവർ കുട്ടികളെ സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്.

ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കണം. മോട്ടോർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഇത് ഹാജരാക്കണം. ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂൾ വാഹനത്തിലും സൂക്ഷിക്കണം.

സ്‌കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോൺവെക്‌സ് ക്രോസ് വ്യൂ കണ്ണാടിയും വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള പാരബോളിക് റിയർവ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് ഫയർ എക്സ്റ്റിൻഗ്യുഷർ കാണാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം. കൂളിംഗ് ഫിലിം, കർട്ടൻ എന്നിവ പാടില്ല. എമർജൻസി എക്‌സിറ്റ് സംവിധാനം ഉണ്ടായിരിക്കണം.

ഓരോ വാഹനത്തിലും  റൂട്ട് ഓഫീസറായി അധ്യാപക/ അനദ്ധ്യാപകരോയ ഒരാളെ നിയോഗിക്കേണ്ടതാണ്. സ്‌കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. വാഹനത്തിന്റെ പുറകിൽ ചൈൽഡ് ലൈൻ (1098) പൊലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്‌സ് (101) മുതലായ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം.

Also Read: ചക്രവാതച്ചുഴി കേരളത്തിന് മുകളിൽ; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mvd issues guidelines for school buses to ensure students safety