തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതായി ഉയര്‍ത്തിയ നടപടി പാര്‍ട്ടി അറിഞ്ഞല്ലെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചര്‍ച്ചയില്ലാതെ തീരുമാനമെടുത്തതു കൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചത്. തീരുമാനം സര്‍ക്കാര്‍ തന്നെ തിരുത്തിയതിനാല്‍ അന്വേഷണത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മന്ത്രിസഭയാണു കൈക്കൊണ്ടത്. മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്ത് മന്ത്രിസഭ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ച് തീരുമാനം മരവിപ്പിച്ചു. എങ്ങനെയാണ് തീരുമാനം വന്നതെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് ആര്‍ ടി സി, കെ എസ് ഇബി, വാട്ടര്‍ അതോറിറ്റി എന്നിവ ഒഴികെയുള്ള 122 സ്ഥാപനങ്ങളിലെയും ആറ് ധനകാര്യ കോര്‍പറേഷനുകളിലെയും ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. റിയാബ് ചെയര്‍മാന്‍ തലവനായ വിദഗ്ധസമിതിയുടെ ശിപാര്‍ശ അംഗീകരിച്ചായിരുന്നു ഇത്. 56, 58, 60 എന്നിങ്ങനെ വ്യത്യസ്ത രീതിയിലായിരുന്നു ഈ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച് സി പി എമ്മിലെന്ന പോലും എല്‍ ഡി എഫിലും ആലോചന നടന്നിരുന്നില്ല. എന്നാല്‍ മുന്നണിയിലെ സി പി ഐ ഉള്‍പ്പെടെയുള്ള കക്ഷികളില്‍പെട്ട മന്ത്രിമാരാരും തീരുമാനത്തോട് എതിര്‍പ്പ് ഉയര്‍ത്തിയില്ല. തീരുമാനം പുറത്തുവന്നതോടെ ഡി വൈ എഫ് ഐയും എ ഐ വൈ എഫും പരസ്യമായ പ്രതിഷേധമുയര്‍ത്തി. സി ഐ ടി യുവും വിയോജിപ്പ് പ്രകടിപ്പിച്ചു. പ്രതിപക്ഷവും ശക്തമായ എതിര്‍പ്പുയര്‍ത്തി. ഇതിനുപിന്നാലെയാണു തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചത്. സി പി എം സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ മുതല്‍ നടക്കുകയാണ്. ഈ യോഗങ്ങളില്‍ വിഷയം ചര്‍ച്ചയാകാനാണു സാധ്യത.
‘ഗവര്‍ണറുടേത് തരംതാണ ആരോപണങ്ങള്‍’
സ്വപ്ന സുരേഷിനെ ഉദ്ധരിച്ചുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ക്കു മറുപടിയില്ലെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അദ്ദേഹത്തിന്റേതു തരംതാണ ആരോപണങ്ങളാണ്. അവ കേരളം തള്ളിക്കളഞ്ഞതാണ്. മഞ്ഞപത്രത്തിന്റെ ഉദ്ധരണികളാണു ഗവര്‍ണര്‍ എടുത്തുപയോഗിക്കുന്നത്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെയാണ് അദ്ദേഹം ആരോപണങ്ങളുന്നയിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.