തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എം.വി. ഗോവിന്ദന്‍ വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും നോട്ടീസില്‍ പറയുന്നു.
അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് സ്വപ്ന തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് നോട്ടിസില്‍ പറയുന്നു. നിയമ നടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ മുഖേനെ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു നേരത്തെ സ്വപ്നയുടെ വെളിപ്പെടുത്തല്‍. കേരളം വിട്ടുപോയില്ലെങ്കില്‍ പിന്നീട് ഒത്തുതീര്‍പ്പ് ഉണ്ടാകില്ലെന്നും ആയുസ്സിന് ദോഷംവരുമെന്നും പറയാന്‍ എം.വി.ഗോവിന്ദന്‍ പറഞ്ഞതായി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെയുള്ള തെളിവുകള്‍ മുഴുവന്‍ കൈമാറിയാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായാണ് സ്വപ്നയുടെ ആരോപണം.