കണ്ണൂര്‍: ജനകീയ പ്രതിരോധ ജാഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇതുവരെ പങ്കെടുക്കാത്തത് അതൃപ്തികൊണ്ടല്ലെന്ന് ജാഥ ക്യാപ്റ്റനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍. ഇ പിയുടെ മണ്ഡലത്തിലൂടെ ജാഥ കടന്നു പോയിട്ടും അദ്ദേഹം ഭാഗമായിരുന്നില്ല. ഇത് ചര്‍ച്ചയായതോടെയാണ് ഗോവിന്ദന്‍ വിശദീകരണം നല്‍കിയത്.
“ഇ പിക്ക് പ്രത്യേക ജില്ലയൊന്നുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ക്ക് എന്ത് ജില്ല. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എന്ത് ജില്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്ത് ജില്ല. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ എല്ലാ ജില്ലകളും നല്ല പരിചയമുള്ള ആളുകള്‍ തന്നെയാണ് ഞങ്ങള്‍,” എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
“അദ്ദേഹം കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ഇത് ഞങ്ങള്‍ പരസ്യപ്പെടുത്തിയ കാര്യമാണ്. ആര്‍എസ്എസുകാരെല്ലാം കൂടിയാണ് മുന്‍പ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ അദ്ദേഹത്തെ വെടിവച്ചത്. അത് ഇപ്പോഴും പോയിട്ടില്ല. സ്വാഭാവികമായും അദ്ദേഹത്തിന് ചികിത്സ ആവശ്യമായി വരും. ഇത്തരം സാഹചര്യത്തില്‍ അവധി എടുക്കേണ്ടി വരും,” എം.വി.ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ജാഥയുമായി ഇന്ന് കണ്ണൂരിലെത്തിയ എം.വി.ഗോവിന്ദന്‍ പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചു. ജമാഅത്തെ – ആര്‍എസ്എസ് ചര്‍ച്ചയെക്കുറിച്ച് സിപിഎം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് യുഡിഎഫിന് മറുപടിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച ഗോവിന്ദന്‍ കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ് വില ഉയര്‍ത്തിയതെന്ന് കുറ്റപ്പെടുത്തി.