scorecardresearch

മന്ത്രിസഭയിൽ അഴിച്ചു പണി വരും, പക്ഷേ, എവിടെ നിന്നാകും മന്ത്രി? രണ്ട് മന്ത്രിമാർ വരുമോ?

സജി ചെറിയാന്‍ രാജിവച്ച ഒഴിവിന് പുറമെയാണ് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പിനും നാഥനില്ലാതെയാകുന്നത്

മന്ത്രിസഭയിൽ അഴിച്ചു പണി വരും, പക്ഷേ, എവിടെ നിന്നാകും മന്ത്രി? രണ്ട് മന്ത്രിമാർ വരുമോ?
ഫയല്‍ ചിത്രം

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയുമ്പോള്‍ പകരക്കാരനായി എത്തുന്നത് മികച്ച വാഗ്മിയും സംഘാടകനും സൈദ്ധാന്തികനുമായ എംവി ഗോവിന്ദനാണ്. നിലവില്‍ തളിപ്പറമ്പില്‍ നിന്നുള്ള എംഎല്‍എയും രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമാണ് അദ്ദേഹം. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുമെന്നും മന്ത്രിസ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നുമാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി മാറുന്നതോടെ മന്ത്രിസഭയില്‍ അഴിച്ചുപണി വരുമെന്നതും ഉറപ്പായി. അങ്ങനെയെങ്കില്‍ കണ്ണൂരില്‍ നിന്ന് തന്നെയാകുമോ മന്ത്രിയെന്നതാകും ചോദ്യം. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനത്ത് നിന്നും മാറുന്നത് കൊണ്ട് മന്ത്രിസ്ഥാനം ആ ജില്ലയിലെ പ്രതിനിധിക്ക് തന്നെ നല്‍കണമെന്ന കീഴ്വഴക്കം സി പി എമ്മിനില്ല. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായി മാറിയപ്പോള്‍ ആ വകുപ്പിലേക്ക് പുതിയ മന്ത്രിയെ നിയമിക്കുക മാത്രമാണ് സി പി എം ചെയ്തത്. അന്ന്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പിണറായിക്ക് പകരം എറണാകുളത്ത് നിന്നുള്ള എസ്. ശര്‍മ്മയെയാണ് വൈദ്യുതി, സഹകരണ മന്ത്രിയായി നിയമിച്ചത്.

നിലവിലത്തെ സാഹചര്യത്തില്‍ പല കീഴ്വഴക്കങ്ങളും മാറാന്‍ സാധ്യതയുണ്ട്. കണ്ണൂരില്‍ നിന്നും പാര്‍ട്ടി സെക്രട്ടറി, എല്‍ ഡി എഫ് കണ്‍വീനര്‍, മുഖ്യമന്ത്രി എന്നിവര്‍ നിലവില്‍ തന്നെയുണ്ട്. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയാകുമ്പോഴും ഈ നിലയ്ക്ക് മാറ്റമുണ്ടാകുന്നില്ല. നിലവില്‍ മുന്‍ മന്ത്രിയായിരുന്ന കെ കെ ശൈലജ ഉള്‍പ്പടെയുള്ള സി പി എം ജനപ്രതിനിധികള്‍ നിയമസഭയിലുണ്ട്. എന്നാല്‍, രണ്ടാം വട്ട മന്ത്രിസ്ഥാനം പിണറായി വിജയന്റെ തുടര്‍ മന്ത്രിസഭയില്‍ സി പി എമ്മിലാര്‍ക്കും ലഭിച്ചിട്ടില്ല. അതിനാല്‍ കെ കെ ശൈലജക്ക് വീണ്ടും മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യതയില്ല.

എന്ത് തന്നെയായാലും സംസ്ഥാന മന്ത്രിസഭയില്‍ ഒരഴിച്ച് പണിക്ക് സാധ്യതയുണ്ടെന്ന് വേണം കരുതാന്‍. വിവാദ പ്രസംഗ വിവാദത്തെ തുടര്‍ന്ന് സജി ചെറിയാന്‍ രാജിവച്ച ഒഴിവിന് പുറമെയാണ് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പിനും മന്ത്രിയില്ലാതെയാകുന്നത്. അതുകൊണ്ട് തന്നെ രണ്ട് മന്ത്രിമാരുടെ ഒഴിവുകള്‍ നികത്താന്‍ പുതിയ മന്ത്രിമാര്‍ വരാനും ഇടയുണ്ട്. എം വി ഗോവിന്ദന്റ ഒഴിവ് മാത്രമേ നികത്തുകയുള്ളോ, അതോ പൂര്‍ണ്ണമായും സി പി എമ്മിന്റെ മന്ത്രിമാരുടെ കാര്യത്തില്‍ പുനഃസംഘടനയാകുമോ സി പി എം ആലോചിക്കുകയെന്നത് കണ്ടറിയണം.

ബാലസംഘത്തിന്റെയും ലൈബ്രറി പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകനായിരുന്ന എം.വി ഗോവിന്ദന്‍ കെഎസ്എഫ് അംഗവും കണ്ണൂര്‍ ജില്ലാ യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയുമായിരുന്നു. ഡിവൈഎഫ്‌ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കേരള സംസ്ഥാന കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന അധ്യക്ഷന്‍, അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍, സിപിഎം കണ്ണൂര്‍, എറണാകുളം ജില്ല സെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അടിയന്തിരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തിന് നാല് മാസം ജയില്‍വാസമനുഭവിച്ചു. തളിപ്പറമ്പില്‍ നിന്ന് 1996, 2001 കാലങ്ങളില്‍ നിയമസഭയിലെത്തി. മികച്ച നിയമസഭാ സാമാജികനാണ്. 2006 മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് എം.വി ഗോവിന്ദന്‍. 2018ല്‍ കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നേതാവും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനുമായിരുന്നു അദ്ദേഹം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mv govindan appointed as cpm state secretary cabinet reshuffle