എറണാകുളം: മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് വൻ അപകടം. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം. മലങ്കര ഡാമിൽനിന്ന് കൃഷി ഇടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കനാലാണ് പൊട്ടിയത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
കാറും വഴിയാത്രക്കാരും കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു കനാൽ പൊട്ടിയത്. നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും നടന്നുപോകുന്ന റോഡാണിത്. അപകട സമയത്ത് വാഹനങ്ങൾ കുറവായിരുന്നതാണ് രക്ഷയായത്. കനാൽ എങ്ങനെ പൊട്ടിയെന്ന കാര്യത്തിൽ വ്യക്തതയില്ല.
കനാൽ പൊട്ടുന്നതും ശക്തിയായി വെളളം ഒഴുകി വരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളം റോഡിലേക്കും സമീപത്തെ വീടുകളിലേക്കും ഇരച്ചെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് ചെളിയും മണ്ണും നീക്കിയതിനെ തുടർന്ന് റോഡ് ഗതാഗത യോഗ്യമായി.