കൊച്ചി: മരം മുറിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി. അന്വേഷണം ശരിയായ ദിശയിൽ അല്ലെങ്കിൽ ഹർജിക്കാരനടക്കം ഏത് പൗരനും കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്. കേസ് ഡയറി പരിശോധിച്ച ശേഷമാണ് ഉത്തരവ്.
ക്രൈംബ്രാഞ്ച് എജിഡിപിയുടെ നേത്യത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ആരോപണം. പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെട്ടതായി പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ തന്നെ സമ്മതിക്കുന്നുണ്ടെന്നും മരംമുറിക്ക് പിന്നിൽ വ്യാപക ഗൂഢാലോചന നടന്നതായും വലിയ തോതിലുള്ള തടി മോഷണം നടന്നതായും റിപ്പോർട്ടിൽ ഉണ്ടെന്നും ഹർജി ഭാഗം ബോധിപ്പിച്ചു.
പട്ടയ ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നും ഭൂരിഭാഗം പ്രതികളും കർഷകരാണെന്നും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. സർക്കാർ വാദം കണക്കിലെടുത്താണ് ഹർജി കോടതി തള്ളിയത്.
Also read: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി തള്ളി