/indian-express-malayalam/media/media_files/uploads/2021/06/Muttil-Tree-Felling-Case-3.jpg)
ചെന്നൈ: നിയമസഭാ കയ്യാങ്കളി കേസില്‍ അപ്പീല്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനു മറ്റൊരു തിരിച്ചടി. വയനാട് മുട്ടിലില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ നടന്ന മരംകൊള്ള സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും കലക്ടര്‍മാരോടും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.
മുറിച്ചത് എത്ര മരം, എവിടെ നിന്നൊക്കെ മുറിച്ചു, ഇതുമൂലമുണ്ടായ പാരിസ്ഥിതികാഘാതം, വനംവകുപ്പിനുണ്ടായ നഷ്ടം, നഷ്ടം ഈടാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ചാണ് വിദശീകരണം സമര്‍പ്പിക്കേണ്ടത്. ഓഗസ്റ്റ് 31നകം വിശദീകരണം നല്‍കണം.
ചീഫ് സെക്രട്ടറി, വനം, റവന്യു വകുപ്പ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി കലക്ടര്‍മാര്‍ എന്നിവര്‍ പ്രത്യേകം വിശദീകരണം സമര്‍പ്പിക്കണം. കേസ് ഓഗസ്റ്റ് 31നു വീണ്ടും പരിഗണിക്കും.
സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മുട്ടിലില്‍ ഉള്‍പ്പെടെ നടന്ന മരംകൊള്ള സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് ഹരിത ട്രിബ്യൂണല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മരംമുറി മൂലം പ്രത്യക്ഷത്തില്‍ പരിസ്ഥിതിക്കു കോട്ടം തട്ടിയതായി ട്രിബ്യൂണല്‍ വിലയിരുത്തി. സൗത്ത് സോണ്‍ ട്രിബ്യൂണര്‍ ജസ്റ്റിസ് കെ.രാമകൃഷ്ണനാണു കേസ് പരിഗണിച്ചത്.
പട്ടയഭൂമിയിലെ മരം മുറി കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതിയുടെ കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് പറയേണ്ടി വരുമെന്നും അന്വേഷണം തൃപ്തികരമല്ലെന്നും പറഞ്ഞ കോടതി കേസില്‍ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ഉണ്ടായില്ലെന്നും വാക്കാല്‍ ആരാഞ്ഞിരുന്നു.
അറസ്റ്റ് ഉണ്ടാകാത്തത് അന്വേഷണം ശരിയായ ദിശയിലല്ലെന്നതിന് തെളിവാണെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 701 കേസ് ഉണ്ടായിട്ടും ഒരു പ്രതിയെ പോലും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു.
അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് തിങ്കളാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ മറുപടി അറിയിക്കണം. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരംമുറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us