കൊച്ചി: മുട്ടില്‍ മരം മുറിക്കേസില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ്കുട്ടി അഗസ്റ്റിന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്
പ്രതികളുടെ മാതാവ് മരിച്ചിരുന്നു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുമെന്നും അതിനു ശേഷമേ തുടർ നടപടി എടുക്കൂയെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാതാവ് മരിച്ച സാഹചര്യത്തിൽ 10 ദിവസത്തെ സാവകാശം തേടി പ്രതികൾ സമർപ്പിച്ച ഹർജികൾ കോടതി തീർപ്പാക്കി.
കേസില്‍ സര്‍ക്കാരിനെ ഹൈക്കോടതി തിങ്കളാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പ്രതികളുമായി ഒത്തുകളിക്കുകയാണെന്ന് പറയേണ്ടി വരുമെന്നും അന്വേഷണം തൃപ്തികരമല്ലെന്നും പറഞ്ഞ കോടതി എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ഉണ്ടായില്ലെന്നും വാക്കാല്‍ ആരാഞ്ഞിരുന്നു. മരംമുറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണു ഈ പരാമർശങ്ങൾ.
അറസ്റ്റ് ഉണ്ടാകാത്തത് അന്വേഷണം ശരിയായ ദിശയിലല്ലെന്നതിന് തെളിവാണെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 701 കേസ് ഉണ്ടായിട്ടും ഒരു പ്രതിയെ പോലും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചോദിച്ചു. അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് തിങ്കളാഴ്ചയ്ക്കകം സര്‍ക്കാര്‍ മറുപടി അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.
ആന്റോ ആഗസ്റ്റിന്, റോജി അഗസ്റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇതേ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പ്രതികള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്തായിരുന്നു കോടതി നടപടി. മരം മുറിയുമായി ബന്ധപ്പെട്ട് ആകെ 43 കേസുകളാണുള്ളത്. ഇതില്‍ 37 ലും ഹര്‍ജിക്കാര്‍ പ്രതികളാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
Also Read: സര്‍ക്കാരിനു വീണ്ടുമൊരു തിരിച്ചടി; മുട്ടില്‍ മരംമുറിയില്‍ സ്വമേധയാ കേസെടുത്ത് ഹരിത ട്രിബ്യൂണല്‍
അതിനിടെ, സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മുട്ടിലില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടന്ന മരംകൊള്ള സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ വിശദീകരണം നല്കാന് ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോടും കലക്ടര്‍മാരോടും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.
മുറിച്ചത് എത്ര മരം, എവിടെ നിന്നൊക്കെ മുറിച്ചു, ഇതുമൂലമുണ്ടായ പാരിസ്ഥിതികാഘാതം, വനംവകുപ്പിനുണ്ടായ നഷ്ടം, നഷ്ടം ഈടാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ചാണ് വിദശീകരണം സമര്‍പ്പിക്കേണ്ടത്. ഓഗസ്റ്റ് 31നകം വിശദീകരണം നല്‍കണം.
ചീഫ് സെക്രട്ടറി, വനം, റവന്യു വകുപ്പ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി കലക്ടര്‍മാര്‍ എന്നിവര്‍ പ്രത്യേകം വിശദീകരണം സമര്‍പ്പിക്കണം. കേസ് ഓഗസ്റ്റ് 31നു വീണ്ടും പരിഗണിക്കും.
സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ മുട്ടിലില്‍ ഉള്‍പ്പെടെ നടന്ന മരംകൊള്ള സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് ഹരിത ട്രിബ്യൂണല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. മരംമുറി മൂലം പ്രത്യക്ഷത്തില്‍ പരിസ്ഥിതിക്കു കോട്ടം തട്ടിയതായി ട്രിബ്യൂണല്‍ വിലയിരുത്തി. സൗത്ത് സോണ്‍ ട്രിബ്യൂണര്‍ ജസ്റ്റിസ് കെ.രാമകൃഷ്ണനാണു കേസ് പരിഗണിച്ചത്.