കൊച്ചി: സമരം ചെയ്ത ജീവനക്കാര്‍ക്കെതിരെ മുത്തൂറ്റ് ഫിനാന്‍സ് നടപടി സ്വീകരിച്ചു. മുത്തൂറ്റിലെ സിഐടിയു അംഗങ്ങളായ എട്ട് ജീവനക്കാരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. നിയമലംഘനം നടത്തിയതിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ മുത്തൂറ്റ് വ്യക്തമാക്കുന്നുണ്ട്.
സ്റ്റാഫ് അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ജോലി ചെയ്യാന്‍ സന്നദ്ധരായ തൊഴിലാളികളെ തടസപ്പെടുത്തരുതെന്നും കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് ലംഘിച്ച് സിഐടിയു അനുഭാവികളായ ചില തൊഴിലാളികള്‍ പ്രവര്‍ത്തിച്ചു എന്നും അതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുത്തൂറ്റ് ഫിനാൻസിനെതിരെ തൊഴിലാളികൾ നടത്തുന്ന സമരത്തിൽ നേരത്തെ കോടതി ഇടപെട്ടിരുന്നു. ജോലിക്കെത്തുന്നവരെ തടയരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളും ഏതാനും ജീവനക്കാരും ജോലി തടസ്സപ്പെടുത്തുകയാണന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
Read Also: ജോലിക്ക് എത്തുന്നവരെ തടയരുത്, ഓഫീസുകള്‍ക്ക് സംരക്ഷണം: മുത്തൂറ്റ് സമരത്തില്‍ കോടതി ഇടപെടല്‍
സിഐടിയു നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് മാനേജുമെന്റ് നേരത്തെ രംഗത്തെത്തിയിരുന്നു. എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിനു മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തിലാണ് ഉപരോധ സമരം നടക്കുന്നത്. ജീവനക്കാരെ ജോലി ചെയ്യാന്‍ സമരക്കാര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റും ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് ആരോപിച്ചു. ജോലി ചെയ്യാന്‍ തയ്യാറായി വന്ന ജീവനക്കാരെ സിഐടിയു സമരക്കാര്‍ തടഞ്ഞതായി ജോര്‍ജ് ഫെര്‍ണാണ്ടസ് ആരോപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടരുകയാണെന്നും ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു.