കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ സമരത്തില്‍ ഇന്ന് സമവായ ചര്‍ച്ച. തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. തൊഴിലാളി പ്രതിനിധികളേയും മാനേജ്‌മെന്റ് പ്രതിനിധികളേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. ക്ഷണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പിന്‍മാറുകയായിരുന്നു. ഇതോടെ യോഗം പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇന്ന് യോഗം വിളിച്ചത്.
സിഐടിയുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ ന്യായമായ ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ നല്‍കുക എന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. സമരത്തെ തുടര്‍ന്ന് കേരളത്തിലെ മുത്തൂറ്റിന്റെ ചില ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുമെന്ന് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. തൊഴിലാളികളില്‍ ഒരു വിഭാഗം സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുണ്ട്.
Read More: ജോലിക്ക് എത്തുന്നവരെ തടയരുത്, ഓഫീസുകള്‍ക്ക് സംരക്ഷണം: മുത്തൂറ്റ് സമരത്തില്‍ കോടതി ഇടപെടല്‍
ഇതിനിടെ ജീവനക്കാരെ ജോലി എടുക്കുന്നതില്‍ നിന്നും തടയരുതെന്നും തൊഴിലാളികളെ സംരക്ഷിക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച വിളിക്കാന്‍ തീരുമാനിച്ചത്. നേരത്തേത് പോലെ മാനേജ്‌മെന്റ് യോഗത്തില്‍ നിന്നും പിന്മാറിയാല്‍ ചര്‍ച്ച പരാജയപ്പെടും.
സമരത്തിനെതിരെ കുപ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്ന് സിഐടിയു നേരത്തെ ആരോപിച്ചിരുന്നു. പഴയ വീഡിയോ ദൃശ്യങ്ങളും മറ്റും ഉപയോഗിച്ചാണ് കുപ്രചരണമെന്നും സമരാനുകൂലികള്‍ പറയുന്നു. യോഗത്തില്‍ പങ്കെടുക്കാതെ മാനേജ്‌മെന്റ് മാറി നില്‍ക്കുന്നത് സമരത്തെ അടിച്ചമര്‍ത്താനുള്ള തന്ത്രമാണെന്നും സമരാനുകൂലികള്‍ പറഞ്ഞിരുന്നു.