തിരുവനന്തപുരം: കേരളത്തിലെ ശാഖകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് മാനേജുമെന്റ് തന്നെ പരസ്യമായി പറഞ്ഞ പശ്ചാത്തലത്തില്‍ മുത്തൂറ്റ് ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ കെഎസ്എഫ്ഇ ശാഖകള്‍ ആരംഭിക്കണമെന്ന് ആവശ്യം. മുത്തൂറ്റ് ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ അടിയന്തരമായി യുദ്ധകാലാടിസ്ഥാനത്തില്‍ കെഎസ്എഫ്ഇ ശാഖകളും സ്വര്‍ണ പണയ വായ്പാ കൗണ്ടറുകളും ആരംഭിക്കണമെന്ന് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മിതമായ പലിശ നിരക്കില്‍ ഗ്രാമിന് ഏറ്റവും ഉയര്‍ന്ന തുക സ്വര്‍ണ പണയ വായ്പ നല്‍കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ എന്ന് സ്റ്റാഫ് അസോസിയേഷന്‍ പറഞ്ഞു. നൂറ് ശതമാനം സുരക്ഷിതമായ സര്‍ക്കാര്‍ സ്ഥാപനമാണ് കെഎസ്എഫ്ഇ എന്നും സാധാരണ ജനങ്ങളെ കൊള്ളപലിശക്കാരില്‍ നിന്ന് രക്ഷിക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലടക്കം അടിയന്തിരമായി സ്വര്‍ണ പണയ വായ്പാ കൗണ്ടറുകള്‍ ആരംഭിക്കണമെന്നും കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Read Also: Kerala Weather: കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്
ജനങ്ങള്‍ക്ക് സഹായകമാകുന്ന രീതിയില്‍ കെഎസ്എഫ്ഇ പ്രവര്‍ത്തിക്കുമെന്നും അടച്ചുപൂടുന്ന മുത്തൂറ്റ് ശാഖകള്‍ക്ക് മുന്‍പില്‍ കെഎസ്എഫ്ഇ ശാഖകള്‍ ആരംഭിക്കണമെന്ന നിലപാട് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി എസ്.മുരളീകൃഷ്ണപിള്ള അറിയിച്ചു. മുത്തൂറ്റ് ഫിനാന്‍സ് നിര്‍ത്തി പോകുന്ന സാഹചര്യം വന്നാല്‍ അവിടെയെല്ലാം കെഎസ്എഫ്ഇ ശാഖകള്‍ തുറക്കാന്‍ തയ്യാറാണെന്നും അത് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊള്ളപ്പലിശക്കാരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കെഎസ്എഫ്ഇക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.