മുത്തൂറ്റ് ജിവനക്കാരുടെ സമരം ഫലംകണ്ടു; ശമ്പള വര്‍ധിപ്പിക്കും, സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കും

ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മാനേജുമെന്റ് തത്വത്തിൽ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ നടത്തിയിരുന്ന സമരം ഫലംകണ്ടു. ശമ്പളം വര്‍ധിപ്പിക്കണമെന്ന സമരക്കാരുടെ ആവശ്യം മാനേജുമെന്റ് തത്വത്തില്‍ അംഗീകരിച്ചു. സമരത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ എല്ലാവരെയും സര്‍വീസിലേക്ക് തിരിച്ചെടുക്കാനും തീരുമാനമായി. ഇതോടെ മുത്തൂറ്റ് ജീവനക്കാര്‍ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി.

ഹെെക്കോടതി നിയോഗിച്ച നിരീക്ഷന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾക്ക് മാനേജുമെന്റ് തത്വത്തിൽ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Read Also: അടച്ചുപൂട്ടുന്ന മുത്തൂറ്റ് ശാഖകള്‍ക്ക് മുന്നില്‍ കെഎസ്‌എഫ്‌ഇ ശാഖകള്‍ ആരംഭിക്കണമെന്ന് സിഐടിയു

എല്ലാ ജീവനക്കാർക്കും ഒക്‌ടോബർ ഒന്ന് മുതൽ 500 രൂപ ഇടക്കാലാശ്വാസമായി വേതന വർധനവ് അനുവദിക്കും. നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മാനേജുമെനറ് അംഗീകരിക്കും.

തടഞ്ഞുവച്ച ആനുകൂല്യങ്ങൾ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യും. പണിമുടക്കിന്റെ ഭാഗമായി സസ്പെൻഡ് ചെയ്‌ത എല്ലാ ജീവനക്കാരെയും തിരികെ സർവീസിൽ പ്രവേശിപ്പിക്കും. പിരിച്ചുവിട്ട ജീവനക്കാരെ അപ്പീൽ സമർപ്പിക്കുന്ന മുറയ്ക്ക് സർവീസിൽ തിരിച്ചെടുക്കും. എട്ട് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. 41 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. പണിമുടക്കിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലെന്ന് മാനേജുമെന്റ് അറിയിച്ചു.

Read Also: സമരം ചെയ്തവര്‍ക്കെതിരെ മുത്തൂറ്റ് നടപടി സ്വീകരിച്ചു; സിഐടിയു അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു

സ്ഥാപനത്തിൽ സർട്ടിഫൈഡ് സ്റ്റാൻഡിങ് ഓർഡർ നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിൽ വകുപ്പ് നിയമാനുസൃത നടപടി സ്വീകരിക്കും. എല്ലാ ജീവനക്കാർക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴിൽ വകുപ്പ് ഉറപ്പു വരുത്തും. തടഞ്ഞുവച്ച 25% വാർഷിക ഇംക്രിമെന്റ് 2019 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യുമെന്നും മാനേജുമെന്റ് അറിയിച്ചു.

11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 ലേറെ ജീവനക്കാരാണ് പണിമുടക്കി സമരം ചെയ്തിരുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muthoot strike citu call off management decisions

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com