കൊച്ചി: സിഐടിയു നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് മാനേജുമെന്റ്. എറണാകുളത്തെ മുത്തൂറ്റ് ഹെഡ് ഓഫീസിനു മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തിലാണ് ഉപരോധ സമരം നടക്കുന്നത്. എന്നാല്‍, അതിനെതിരെ പ്രതിഷേധ സമരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുത്തൂറ്റ് മാനേജുമെന്റ്. ജീവനക്കാരെ ജോലി ചെയ്യാന്‍ സമരക്കാര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റും ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് ആരോപിച്ചു. ജോലി ചെയ്യാന്‍ തയ്യാറായി വന്ന ജീവനക്കാരെ സിഐടിയു സമരക്കാര്‍ തടഞ്ഞതായി ജോര്‍ജ് ഫെര്‍ണാണ്ടസ് ആരോപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടരുകയാണെന്നും ജോര്‍ജ് അലക്‌സാണ്ടർ പറഞ്ഞു.
Read Also: പിണറായി വിജയന് എവിടെന്ന് കിട്ടി ഇങ്ങനെയൊരു ……; ഡിജിപിക്കെതിരെ കെ.മുരളീധരന്‍
സമരവേദിയിൽ നിന്ന് പിരിഞ്ഞു പോകണമെന്ന പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരു വിഭാഗവും സമരം തുടർന്നു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ ഏറ്റമുട്ടലുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മുത്തൂറ്റ് എംഡിയും പ്രതിഷേധ സമരവുമായി കുത്തിയിരുന്നത്.
കഴിഞ്ഞ ആറ് മാസമായി തങ്ങൾ സമരം ചെയ്‌തുവരികയാണെന്നും സമരാനുകൂലികളായ മുത്തൂറ്റിലെ ജീവനക്കാർ പറഞ്ഞു. ശമ്പള കുടിശിക തീർക്കുക, തൊഴിൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആറ് മാസമായി ആറ് തവണ കമ്പനിക്ക് കത്ത് നൽകിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി സൂചന പ്രക്ഷോപങ്ങൾ നടത്തിയിരുന്നു. ഓഗസ്റ്റ് 20 മുതൽ സമരം ചെയ്യുമെന്ന് മാനേജുമെന്റിനെ അറിയിക്കുകയും ചെയ്തിരുന്നതായി സമരാനുകൂലികൾ പറയുന്നു.
ഇന്നു രാവിലെയാണ് പ്രതിഷേധം കനത്തത്. സമരാനുകൂലികൾ ഓഫീസിൽ ജോലിയ്‌ക്കെത്തിയ ജീവനക്കാരെ തടയുകയായിരുന്നു. ഇതേ തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. തങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പൊലീസിനെ സമീപിച്ചു. പൊലീസ് സംരക്ഷണയിൽ ഹെഡ് ഓഫീസിൽ എത്തിയ ജീവനക്കാർ പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് സമരക്കാർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ സമരക്കാർ ചെറുക്കാൻ ശ്രമിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കത്തിലായി.