കൊച്ചി: ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകള്‍ക്ക് പാത്രമാകുന്ന രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടാവു. അത് മറ്റാരുമല്ല ബി.ജെ,പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തന്നെ. ട്രോളൻമാരുടെ ഇഷ്ടതാരമാണ് ഇപ്പോൾ സുരേന്ദ്രൻ.

മിക്കപ്പോഴും സുരേന്ദ്രന് പറ്റുന്ന അമളി തന്നെയാണ് സോഷ്യല്‍മീഡിയ ആഘോഷമാക്കാറുള്ളത്. ഇന്നിതാ മറ്റൊരു വന്‍ അബദ്ധത്തിലൂടെ സുരേന്ദ്രന്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. മലപ്പുറത്ത് മൽസരിക്കാൻ പോകുന്ന ഇടതു- വലതു മുന്നണി സ്ഥാനാർത്ഥികൾ മുത്തലാക്കിനെക്കുറിച്ച് അവരുടെ നിലപാട് പരസ്യമായിപ്പറയാനുള്ള ആർജ്ജവം കാണിക്കണമെന്ന് വെല്ലുവിളിച്ചാണ് സുരേന്ദ്രന്‍ ഇന്ന് ഫെയ്സ്ബുക്കിലെത്തിയത്. മുത്തലാഖിനെ കുറിച്ച് മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കുമ്പോള്‍ മുതലെടുപ്പ് നടത്താമെന്ന ബിജെപിയുടെ മോഹമാണ് സുരേന്ദ്രന്റെ പോസ്റ്റ് മുഴുവന്‍ പ്രതിഫലിച്ചത്.

മലപ്പുറത്ത് ബിജെപിക്ക് ‘അപരിഷ്കൃതമായ മതനിയമങ്ങളുടെ മറവിൽ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക്’ സമ്പ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചർച്ചക്കു വിധേയമാക്കാൻ ഇരുമുന്നണികളേയും ഞങ്ങൾ വെല്ലുവിളിക്കുന്നുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ മൂന്നും നാലും കെട്ടുന്ന സംബ്രദായമല്ല മുത്തലാക്ക് എന്ന് തിരുത്തി സോഷ്യല്‍മീഡിയയും അണിനിരന്നു.

അറിയാത്ത കാര്യം ഒന്നുകില്‍ മറ്റുള്ളവരോട് ചോദിച്ച് സ്വയം തിരിച്ചറിവ് നേടണമെന്ന് ബിജെപി നേതാവിന് നവമാധ്യമങ്ങളില്‍ ഉപദേശം ലഭിച്ചു. ഇനിയെങ്കിലും വിഷയങ്ങളെ കുറിച്ച് പഠിച്ച് മാത്രം പ്രതികരിക്കണമെന്നും ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്നൊരു ചാനൽ ചർച്ചയിൽ സുരേന്ദ്രൻ പറഞ്ഞ വാക്കുകൾ സോഷ്യൽമീഡിയ ആഘോഷമാക്കിയിരുന്നു. മംഗളൂരുവിലെ പ്രസംഗത്തിനും ആവശ്യത്തിനധികം സോഷ്യൽ മീഡിയയിൽ ചർച്ച ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് പിണറായിയുടെ മംഗളൂരു യാത്രയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ സുരേന്ദ്രന് അബദ്ധം പിണഞ്ഞത്. ഇതും ട്രോളൻമാർക്ക് ചാകരയായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുണ്ടെന്ന് സമർത്ഥിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചത്.

പക്ഷെ, സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോൾ തെറ്റിയെന്ന് മാത്രം. ആദ്യം 38 എന്നും പിന്നീടത് തിരുത്തി 35 എന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. ഈ പിഴവിനെയാണ് നവമാധ്യമങ്ങൾ കഴിഞ്ഞ ദിവസം കൊണ്ടാടിയത്. നേരത്തേയും നിരവധി തവണ വാക്കും അര്‍ത്ഥവും പിഴച്ച സുരേന്ദ്രന് കണക്കിന് കൊടുത്തിട്ടുണ്ട് ട്രോളന്മാര്‍.

സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

മലപ്പുറത്ത് മൽസരിക്കാൻ പോകുന്ന ഇടതു വലതു മുന്നണി സ്ഥാനാർത്ഥികൾ മുത്തലാക്കിനെക്കുറിച്ച് അവരുടെ നിലപാട് പരസ്യമായിപ്പറയാനുള്ള ആർജ്ജവം കാണിക്കണം. ഒരു മുസ്ളീം ഭൂരിപക്ഷ മണ്ഡലം എന്ന നിലയിൽ ലക്ഷക്കണക്കിന് മുസ്ളീം സ്ത്രീകളാണ് ഇവിടെ വോട്ടുരേഖപ്പെടുത്താൻ പോകുന്നത്. ബഹുഭാര്യാത്വത്തിന്രെ കെടുതികൾ അനുഭവിക്കുന്ന മുസ്ളീം സ്ത്രീകളുടെ കാര്യത്തിൽ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികൾക്കും എന്തു പറയാനുണ്ടെന്നറിയാൻ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും താൽപ്പര്യമുണ്ടാവും. തെരഞ്ഞെടുപ്പുകൾ പാർട്ടികളുടെ നിലപാടുകൾ പരസ്യപ്പെടുത്താനുള്ള അവസരമാണ്. അപരിഷ്കൃതമായ മതനിയമങ്ങളുടെ മറവിൽ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചർച്ചക്കു വിധേയമാക്കാൻ ഇരുമുന്നണികളേയും ഞങ്ങൾ വെല്ലുവിളിക്കുന്നു. മുസ്ളീം സ്ത്രീകൾ ആരുടെ കൂടെ നിൽക്കുമെന്ന് അപ്പോൾ കാണാം. പുരോഗമനം വിളമ്പുന്ന സി. പി. എം പോലും ഇക്കാര്യത്തിൽ ബ്ബബ്ബബ്ബ അടിക്കുന്നത് വരും ദിവസങ്ങളിൽ നമുക്കു കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ