ലപ്പുറം: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോൾ ഹാജരാകാതിരുന്ന പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ നടപടി പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്‌ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഇതിനായി പാര്‍ട്ടി ഉടന്‍ യോഗം വിളിക്കുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

മുത്തലാഖ് ബില്‍ രാജ്യസഭയിൽ തിങ്കളാഴ്ച ചർച്ചയ്ക്ക് എടുക്കുമ്പോൾ, അത് പരാജയപ്പെടുത്താന്‍ ഇതര കക്ഷികളുമായി യുപിഎ സഹകരണത്തിന് ആവശ്യമായ നടപടി കൈക്കൊളളണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ആവശ്യമായ നടപടികള്‍ ചെയ്യണമെന്നും മുസ്‌ലിം ലീഗ് എംപിമാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ ബില്‍ പരാജയപ്പെടുന്നതോടെ ഇപ്പോഴുള്ള എല്ലാ ആക്ഷേപങ്ങള്‍ക്കും പരിഹാരമാകുമെന്നും ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. അതേസമയം മുത്തലാഖ് ബിൽ ചർച്ചയ്ക്ക് എടുത്ത ദിവസം ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തിൽ കുഞ്ഞാലിക്കുട്ടി വന്നിരുന്നുവെന്നും ഹൈദരലി തങ്ങൾ വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിക്കെതിരെ സമസ്തയടക്കമുള്ള സംഘടനകള്‍ ശക്തമായ നിലപാടുയർത്തി രംഗത്ത് വന്നത് മുസ്ലിം ലീഗിന് തലവേദനയായി. സമസ്ത നേതാക്കള്‍ ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ടറിയിച്ചു. സംഭവത്തിൽ പാർട്ടി പ്രസിഡന്റായ ഹൈദരലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിരുന്നു.

ചന്ദ്രികയുടെ ഗവേണിങ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ലോക്സഭയിൽ എത്താതിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. നേതൃത്വത്തിന് വിശദീകരണം നൽകിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുമായി സംഭവത്തിന് ശേഷം നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ് ഹൈദരലി തങ്ങള്‍ ഇന്ന് പറഞ്ഞത്.

കുഞ്ഞാലിക്കുട്ടി സമുദായ വഞ്ചന നടത്തിയെന്നാണ് ഐഎൻഎല്ലിന്റെ ആരോപണം. കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് ഐഎൻഎൽ മാർച്ചും നടത്തിയിരുന്നു. ഇന്ന് പിഡിപി അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.