തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി കാണാത്തതിനാൽ നാളെ (ഞായർ)റംസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച (ശവ്വാൽ ഒന്നിന്) ഈദുല്‍ ഫിത്വര്‍
ആയിരിക്കുമെന്ന് അറിയിപ്പ്. അതേസമയം കർണ്ണാടകയിലെ ഭട്കലിൽ ഇന്നലെ മാസപ്പിറവി കണ്ടതിനാൽ കാസർകോടും കർണ്ണാടകയിലെ ദക്ഷിണ ജില്ലകളിലും ചെറിയ പെരുന്നാൾ ഇന്ന് ആഘോഷിക്കുന്നുണ്ട്.
സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഖാസിയും ആയ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് കാസർകോട് ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന് അറിയിച്ചത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ,കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,എന്നിവരാണ് ചെറിയ പെരുന്നാൾ മറ്റിടങ്ങളിൽ തിങ്കളാഴ്ച നടക്കുമെന്ന് അറിയിപ്പ് നൽകിയത്.
മാസപ്പിറവി കാണാത്തതിനാൽ 30 നോമ്പും പൂർത്തിയാക്കിയാണ് ഇത്തവണ വിശ്വാസി സമൂഹം കേരളത്തിലെ 13 ജില്ലകളിലും ചെറിയപെരുനാൾ ആഘോഷിക്കുന്നത്. ഈദുൽ ഫിത്വർ പ്രമാണിച്ച് തിങ്കളാഴ്ച കേരളത്തിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. തിരുവനന്തപുരത്തെ മേഖല പാസ്‌പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും.