മലപ്പുറം: പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഇസ്‌ലാം മത വിശ്വാസികള്‍ ഇന്നു നബിദിനം ആഘോഷിക്കുന്നു. അറബ്‌ മാസം റബീഉല്‍ അവ്വല്‍ 12 ആണു മുഹമ്മദ്‌ നബിയുടെ ജന്മദിനം. ഇതിന്റെ ഭാഗമായി പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസി ലോകം സന്തോഷ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. സംസ്ഥാനത്തുടനീളം നബിദിന റാലികള്‍ നടന്നു.

പളളികളിലും മദ്രസകളിലും വിശ്വാസികള്‍ ഒത്തുകൂടി സന്തോഷം പങ്കുവച്ചു. പ്രവാചകനെ സ്‌നേഹിക്കാതെ വിശ്വാസത്തിനു പൂര്‍ണ്ണത കൈവരില്ലെന്നാണു മുസ്‌ലിം പണ്ഡിത ലോകത്തിന്റെ പക്ഷം. അതുകൊണ്ടു തന്നെ ഓരോ വിശ്വാസിയും തങ്ങളുടെ സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി ഈ മാസം പ്രവാചക പ്രകീര്‍ത്തനങ്ങളിലും നബിദിന ഘോഷയാത്രകളിലും പങ്കെടുക്കും.

ഈ ദിവസങ്ങളില്‍ മദ്രസകളിലും മതസ്‌ഥാപനങ്ങളിലും കലാമത്സരങ്ങള്‍ അരങ്ങേറും. നബിദിനാഘോഷങ്ങള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാനുള്ള നല്ല അവസരമാണെന്നു തിരിച്ചറിഞ്ഞ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ മീലാദ്‌ ദിനങ്ങളില്‍ കലാമത്സര പരിപാടികള്‍ നടത്താറുണ്ട്‌. ദഫ്‌, അറബന തുടങ്ങിയ കലാരൂപങ്ങള്‍ നബിദിന പരിപാടികളിലെ ഏറ്റവും ആകര്‍ഷകമായ ഇനങ്ങളാണ്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.