കോട്ടയം: സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി സ്വാമി അഗ്നിവേശ്. കേരളത്തിലുടനീളം പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം സംഘപരിവാറിനെതിരെ തന്‍റെ നിലപാട് വ്യക്തമാക്കുകയാണ്. രാജ്യസ്നേഹം എന്നത് ആർഎസ്എസിന്‍റെ മാത്രം കുത്തകയല്ലെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ചങ്ങനാശ്ശേരിയിലെ ജനാരോഗ്യപ്രസ്ഥാനത്തിന്‍റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വാമി അഗ്നിവേശ്.

തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്ദേമാതരം പാടണം എന്ന് ശാഠ്യം പിടിക്കുന്ന സംഘപരിവാറിന് മുന്നില്‍ മുട്ട് മടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെ താന്‍ ഇനിയും പോരാടുമെന്നും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും രാജ്യത്ത് വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെ ഒത്താശയോടെയാണ് തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നും കേരളത്തില്‍ താന്‍ പൂര്‍ണ സുരക്ഷിതനാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു അഗ്നിവേശിനെ സംഘപരിവാർ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിക്കുന്നത്. ഇതിനെതിരെ നിയമയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അഗ്നിവേശ്.

കഴിഞ്ഞ ദിവസം വസുധൈവ കുടുംബകമെന്ന വിഷയത്തില്‍ താനുമായി തുറന്ന സംവാദത്തിനു തയ്യാറുണ്ടോയെന്ന് ആര്‍എസ്എസിനെ സ്വാമി അഗ്‌നിവേശ് വെല്ലുവിളിച്ചിരുന്നു. രാജ്യത്ത് അസഹിഷ്ണുതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്ന ആര്‍എസ്എസ് അജണ്ടയ്ക്കെതിരായ വെല്ലുവിളിയാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ തുറന്ന സംവാദത്തിനു ക്ഷണിക്കുന്നതു വഴി താന്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ