കോഴിക്കോട്: അല്ലാഹു അക്ബർ, അല്ലാഹു അക്ബർ….വലില്ലാഹിൽ ഹംദ്. നാടും നഗരവും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാക്കി ഒരു ബലി പെരുന്നാൾ കൂടി. സൗഹാര്‍ദ്ദം പങ്കിട്ടും ആരാധനകളില്‍ മുഴുകിയും മുസ്ലിം ലോകം നാളെ ബലിപെരുന്നാള്‍ ആഘോഷിക്കും. പുതുവസ്ത്രങ്ങളണിഞ്ഞ് വിശ്വാസികള്‍ രാവിലെ മുതല്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കുമൊഴുകും. ബലിപെരുന്നാളും ഓണവും ഒരുമിക്കുന്നതിനാൽ ഇത്തവണ പെരുന്നാള്‍ ആഘോഷങ്ങള്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്നതാണ്.
പ്രവാചകന് ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന് ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. മകനെ ബലി നല്‍കണമെന്ന ദൈവിക കല്പന നിറവേറ്റാന്‍ ഇബ്രാഹിം പ്രവാചകന് ഒരുക്കമായിരുന്നു. ദൈവകല്പനയെങ്കില് ഭയമേതുമില്ലാതെ നിറവേറ്റൂവെന്ന് മകന് ഇസ്മാഈല്‍ അറിയിച്ചു. എന്നാല്‍ മകനു പകരം ആടിനെ ബലി നല്കിയാല് മതിയെന്നായിരുന്നു പിന്നീട് ദൈവകല്പന. ഇബ്രാഹിം അനുസരിച്ചു. ഇബ്രാഹിം പ്രവാചകന്, പത്നി ഹാജറ, മകന് ഇസ്മാഈല്‍ എന്നിവരുടെ സമര്‍പ്പിത ജീവിതമാണ് ഹജ്ജിലും ബലിപെരുന്നാളിലും സ്മരിക്കപ്പെടുന്നത്. ജീവിതത്തില്‍ നേരിട്ട പരീക്ഷണങ്ങളെ ഇബ്രാഹിം നബിയുടെ പാതയില്‍ നേരിടാന്‍ തയാറെടുക്കേണ്ട സമയം കൂടിയാണ് ബലി പെരുന്നാള്‍. ഇബ്രാഹിമിന്റെ ത്യാഗസ്മരണയില്‍ (ഉള്ഹിയ്യത്ത് ) മൃഗബലിയും ബലിപെരുന്നാൾ ദിനത്തിൽ നടക്കും.
ബലി പെരുന്നാൾ അറബി കലണ്ടറിലെ ദുൽഹജ് മാസം പത്ത്, പതിനൊന്ന്, പന്ത്രണ്ട് പതിമൂന്ന് തീയതികളിലായി നാല് ദിവസത്തെ ആഘോഷമാണ്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വിശ്വാസി സമൂഹം ഐക്യപ്പെടല്‍ അനിവാര്യമാണ്. വിയോജിപ്പുകളിലും, ഭിന്നതകളിലും പരിഹാരത്തിന് ഏകീകൃത-സുസമ്മത കേന്ദ്രമുണ്ടാവുകയെന്നതാണ് അതിന്റെ ഏറ്റവും അഴകാര്‍ന്ന രൂപം.
ഭൂഗോളത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് ദേശ-ഭാഷ-വർണ-വർഗ വ്യതിരിക്തതകൾക്കതീതമായി വലിയൊരു മനുഷ്യ സഞ്ചയം മക്കയിലെ കഅബാ മന്ദിരത്തിനു ചുറ്റും പാൽക്കടൽ തീർത്തിരിക്കുകയാണിപ്പോൾ. സമ്പൂർണ മാനവ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ജീവനുള്ള ദൃശ്യാവിഷ്ക്കാരമാണ് എല്ലാ വർഷവും ആവർത്തിക്കപ്പെടുന്ന ഈ മനുഷ്യ സാഗരം. രാജാവും പ്രജയും സമ്പന്നനും പാവപ്പെട്ടവനും ബുദ്ധിജീവിയും സാധാരണക്കാരനും പണ്ഡിതനും പാമരനും വെളുത്തവനും കറുത്തവനും സൗന്ദര്യമുള്ളവരും വൈരൂപ്യമുള്ളവരും ഒരേ വേഷത്തിലും ഭാവത്തിലും സമ്മേളിക്കുകയാണ് മക്കയിലെ അറഫാ മൈതാനിയിൽ.
ബലി പെരുന്നാളിനോടനുബന്ധിച്ച് മാനവരാശിയെ മുഴുവൻ സംബോധനം ചെയ്തുകൊണ്ട് പ്രവാചക തിരുമേനി മുഹമ്മദ് (സ) ചെയ്ത വിടവാങ്ങൽ പ്രസംഗത്തിൽ ലോക സമാധാനവും മനുഷ്യസമത്വവും സ്ത്രീസ്വാതന്ത്ര്യവും മനുഷ്യാവകാശവുമായിരുന്നു മുഖ്യ വിഷയം. അതിരുകളില്ലാത്തതും കലവറയില്ലാത്തതുമായ മനുഷ്യ സ്നേഹമാണ് പെരുന്നാളിന്ന് പകരേണ്ടതെന്ന് ഇത് വ്യക്തമാക്കുന്നു. വിശാലമായ മനുഷ്യ സ്നേഹത്തിന്റെ വക്താക്കളാവാൻ ഓരോ വിശ്വാസികൾക്കും കഴിയട്ടെ. വായനക്കാർക്ക് ഐഇ മലയാളത്തിന്റെ ഹൃദ്യമായ ബലിപെരുന്നാൾ ആശംസകൾ.