scorecardresearch
Latest News

മതസാഹോദര്യത്തിന് മാതൃകയായി വീണ്ടും മലപ്പുറം; ഹിന്ദുക്ഷേത്രത്തിന് കുളം മുസ്‌ലിം യുവാവ് വക

ക്ഷേത്രത്തിന് കുളം നിർമ്മിക്കാൻ സ്ഥലം അന്വേഷിച്ച് നടന്ന ഭാരവാഹികൾക്ക് കുളമുൾപ്പടെ ഭൂമി ദാനമായി വിട്ടു നല്‍കുകയായിരുന്നു അലി എന്ന മുസ്‌ലിം യുവാവ്. മുസ്‌ലിം സമുദായത്തിനെതിരെ വ്യാപകമായ കുപ്രചാരണം മലപ്പുറം ജില്ലയെ അടിസ്ഥാനമാക്കി നടത്തുന്ന കാലത്താണ് പര്സപര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വർത്തമാനം കൊണ്ട് ​അത് തിരുത്തുന്നത്.

sastavangotupuram temple

മലപ്പുറം: കുപ്രചരണങ്ങൾ കൊണ്ടും വർഗ്ഗീയ രാഷ്ട്രീയ പ്രചാരണം കൊണ്ടും ഏറെ പഴികേട്ട മലപ്പുറം അതിനൊക്കെ വീണ്ടും തങ്ങളുടെ പ്രവൃത്തി കൊണ്ട് മറുപടി കൊടുക്കുന്നു. മലപ്പുറത്തെ മുസ്‌ലിം സമുദായം വീണ്ടും മതസാഹോദര്യത്തിന് മാതൃകയാകുന്നു.

ജില്ലയിലെ ഒരു ശിവക്ഷേത്രത്തിനു വേണ്ടി മുസ്‌ലിം യുവാവ് സ്വന്തം ഭൂമിയിലെ കുളം സൗജന്യമായി നല്‍കി. മലപ്പുറം ജില്ലയിലെ പോരൂരിലാണ് ഈ മഹാദാനം നടന്നത്. വണ്ടൂരിനടുത്തെ പോരൂര്‍ പഞ്ചായത്തിലെ ശാസ്താവങ്ങോട്ടുപുറം കുണ്ടട മഹാശിവക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മൂന്ന് പതിറ്റാണ്ടിലേറെയായി ഒരു കുളമില്ലാത്ത പ്രയാസമുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം 30 വര്‍ഷം മുമ്പാണ് നാട്ടുകാരടങ്ങുന്ന ഭരണസമതി രൂപീകരിച്ച് പുനരുദ്ധരിച്ചത്.

ക്ഷേത്രത്തിന്റെ പുതിയ വികസന പരിപാടികളുമായി മുന്നോട്ടു പോകുന്ന ഇപ്പോഴത്തെ ഭരണ സമിതിയാണ് കുളത്തിനു വേണ്ടി തൊട്ടടുത്ത പ്രദേശമായ കാളികാവ് സ്വദേശി നമ്പ്യാര്‍തൊടി അലിയെ സമീപിച്ചത്. ക്ഷേത്ര വളപ്പിനോട് ചേര്‍ന്ന് നില്‍ക്കുന്ന അലിയുടെ റബര്‍ എസ്റ്റേറ്റിലെ കുളം വില്‍ക്കുന്ന കാര്യം അന്വേഷിച്ചാണ് ഭാരവാഹികള്‍ അദ്ദേഹത്തെ സമീപിച്ചത്. വില നല്‍കി വാങ്ങാനായിരുന്നു കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍   ആവശ്യം അറിഞ്ഞ അലി കുളവും ആവശ്യമായ ഭൂമിയും സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നന്ദി സൂചകമായി ചൊവ്വാഴ്ച ക്ഷേത്രത്തില്‍ നടന്ന ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച ചടങ്ങില്‍ അലിയെ ക്ഷേത്ര ഭരണ സമിതി അനുമോദിക്കുകയും ചെയ്തു.

ക്ഷേത്ര ഭാരവാഹികള്‍ തന്നെ അളന്ന് തിട്ടപ്പെടുത്തിയ 4.7 സെന്റ് ഭൂമി അലി ദാനമായി വിട്ടു നല്‍കുകയായിരുന്നു. ഒരു പൊതു ആവശ്യത്തിനും ഹിന്ദുസഹോദരങ്ങളുടെ ആചാരങ്ങൾക്കും വേണ്ടി വിട്ടു നല്‍കുന്ന കുളത്തിന് വില വാങ്ങുന്നത് ശരിയല്ലെന്ന് ബോധ്യമാണ് ഈ ദാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് അലി പറയുന്നു. തന്റെ ഭൂമിയുടെ ചെറിയൊരു ഭാഗം നാട്ടിലെ വലിയൊരു ശതമാനം ഹൈന്ദവ സഹോദരങ്ങള്‍ക്കും വലിയ ഉപകാരമായി മാറുന്ന എന്നതില്‍ അതിയായ സന്തോഷം മാത്രമേ ഉള്ളൂവെന്ന് അലി പറയുന്നു. ഭൂമിയുടെ റജിസ്‌ട്രേഷന്‍ ഉടന്‍ നടക്കും.

കേരളത്തിന് പുറത്തും കേരളത്തിനകത്തും മുസ്‌ലിങ്ങൾക്കെതിരെ മലപ്പുറത്തെ കേന്ദ്രീകരിച്ചാണ് ഏറെ കെട്ടുകഥകൾ മറ്റ് വർഗ്ഗീയ വിഭാഗങ്ങൾ സൃഷ്ടിച്ചത്. എന്നാൽ അവിടുത്തെ ചരിത്രവും വർത്തമാനവും അതല്ലെന്ന് ഓരോ തവണയും അവിടുത്തെ ജനത തെളിയിക്കും. എക്കാലത്തും മതസാഹോദര്യത്തിന്റെ മാതൃക കാണിച്ച പ്രദേശമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഊതിവീർപ്പിച്ച കെട്ടുകഥകളുടെ പേരിൽ ഏറെ പഴി കേട്ടതാണ് മലപ്പുറം ജില്ല.  ഇന്ന് ദേശീയ തലത്തിൽ ഭരണത്തിന്റെ ഭാഗമായവർ തന്നെ​ വിദ്വേഷം പ്രചരിക്കുമ്പോൾ  മലപ്പുറം ഇന്ന് വീണ്ടുമൊരിക്കൽ കൂടി മത സാഹോദര്യത്തിന്റെ മാതൃക കാട്ടുന്നു. എന്തിലും വർഗ്ഗീയത കാണുന്ന ഇക്കാലത്തും അതിനെയെല്ലാം മറികടന്ന് മലപ്പുറം ഇന്ത്യയിൽ തന്നെ മാതൃകയാവുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Muslim youth in malappuram donates land and pond for shiva temple communal harmony