കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ യത്തീംഖാന വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിന് ഇരയായതായ പരാതിയിൽ സ്ഥിരീകരണം. ഇവരുടെ വൈദ്യപരിശോധനാ ഫലത്തിൽ പീഡനം നടന്നെന്ന കാര്യം വ്യക്തമായതായി റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.  സംഭവം അറിഞ്ഞ യത്തീംഖാന അധികൃതരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

എട്ടിലും ഒൻപതിലും പഠിക്കുന്ന ഏഴ് വിദ്യാർത്ഥിനികളാണ് ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യത്തീംഖാനയുടെ സമീപത്തെ കടയിലേക്ക് കുട്ടികളെ വിളിച്ചുവരുത്തിയാണ് പീഡനം നടന്നതെന്നാണ് പരാതി.  കുട്ടികൾ കടയിൽ നിന്നും പുറത്തേക്കു വരുന്നതുകണ്ട യത്തീം ഖാന സുരക്ഷാ ജീവനക്കാർ, അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന കൗൺസിലിംഗിൽ കുട്ടികൾ പീഡനകാര്യം തുറന്നുപറഞ്ഞതായാണ് യത്തീംഖാന അധികൃതർ പരാതിയിൽ വ്യക്തമാക്കിയത്.

അതേസമയം പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകില്ലെന്നാണ് വിവരം. സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥർ കുട്ടികളെ എല്ലാവരെയും ഒരുമിച്ചും ഒറ്റയ്ക്കും കൗൺസിലിംഗിന് വിധേയമാക്കും. അതേസമയം കൂടുതൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ടോ എന്നും, പ്രകൃതിവരുദ്ധ ലൈംഗികതയ്ക്ക് വിധേയരായോ എന്നും അന്വേഷിക്കുന്നുണ്ട്.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് യത്തീംഖാന വിദ്യാര്‍ത്ഥിനികളെ പീഡനത്തിന് ഇരയാക്കിയതായ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സംഭവത്തില്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരിയും ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജുമാരായ ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് അറസ്റ്റിലായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ