കോഴിക്കോട്: പാല ബിഷപ്പിന്റെ വിവാദ നാർക്കോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്യാൻ മുസ്ലിം സംഘടനകൾ ഇന്ന് യോഗം ചേരും. പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. എ.പി, ഇ.കെ സമസ്ത, കെ.എൻ.എം, ജമാഅത്ത് ഇസ്ലാമി, എം.ഇ.എസ് ഉൾപ്പടെ ഒമ്പത് മുസ്ലിം സംഘനകൾ ഇന്ന് കോഴിക്കോട് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
നേരത്തെ, വിവാദ പരാമർശം നടത്തിയ പാല ബിഷപ്പിനെ മന്ത്രി വി.എൻ വാസവനും ജോസ് കെ മാണിയും അടക്കമുള്ളവർ സന്ദർശിച്ചതിനെതിരെ ചില മുസ്ലിം സംഘടനകൾ രംഗത്ത് എത്തിയിരുന്നു. വിഷയത്തിൽ സാമുദായിക സംഘടനകളുടെ യോഗമോ സർവകക്ഷിയോഗമോ വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിയിരുന്നു. അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കതോലിക്കാ ബാവയുടെ നേതൃത്വത്തിൽ വിവാദ മതസാമുദായിക നേതാക്കന്മാരുടെ യോഗം നടന്നിരുന്നു. പാളയം ഇമാം ഡോ. ഹുസ്സൈൻ മടവൂർ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് മുസ്ലിം സംഘടനകളുടെ യോഗം നടക്കുന്നത്.