കണ്ണൂർ: കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ. മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ.ഇളങ്കോ അറിയിച്ചു.

കൂത്തുപറമ്പിലാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ വെട്ടേറ്റു മരിച്ചത്. പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്. വോട്ടെടുപ്പിന് പിന്നാലെയാണ് കൊലപാതകം. ആക്രമണത്തിൽ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ലീഗ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിനടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബെറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം സഹോദരന്മാരായ മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

മന്‍സൂറിനെ ഇന്നലെ രാത്രിതന്നെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നു  പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. 149, 150 ബൂത്തുകള്‍ക്കിടയിലായിരുന്നു പ്രശ്‌നം.

Read More: എംഎല്‍എ ഓഫീസിനുമുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു: ഇ.ശ്രീധരൻ

വോട്ടെടുപ്പിനു ശേഷമുണ്ടായ സംഘര്‍ഷത്തില്‍ കായംകുളത്തും രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്ത് ഏജന്റ് സോമൻ, അഫ്‌സല്‍ എന്നിവർക്കാണു വ്യത്യസ്ത സംഭവങ്ങളിൽ വെട്ടേറ്റത്.  ഇവരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.

പരാജയ ഭീതിയിൽ ഇടതു മുന്നണി സംസ്ഥാനത്ത് പല ഭാഗത്തും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഇടതു മുന്നണി എന്തു പ്രകോപനമുണ്ടാക്കിയാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം കൈവിടരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കാസര്‍ഗോഡ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കു വെട്ടേറ്റു. ഇരുകാലുകള്‍ക്കും വെട്ടേറ്റ ശ്രീജിത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് ശ്രീജിത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.