scorecardresearch
Latest News

വേങ്ങരയില്‍ കോണ്‍ഗ്രസിന് എന്ത് കാര്യം?

കോൺഗ്രസ്സും ലീഗും പരസ്പരം പോരടിക്കുന്ന പഞ്ചായത്തുകളുടെ കേന്ദ്രമാണ് വേങ്ങര. സാമ്പാർ മുന്നണി എന്ന് ലീഗുകാർ വിളിച്ച പറപ്പൂര് ഉൾപ്പടെയുള​ള​ പ്രദേശങ്ങൾ ഇവിടെയാണ്. ഉപതിരഞ്ഞെടുപ്പിൽ ലീഗിനേക്കാൾ ആവേശം കോൺഗ്രസുകാർ കാണിക്കുന്നതിന് പിന്നിലെന്ത്?

വേങ്ങരയില്‍ കോണ്‍ഗ്രസിന് എന്ത് കാര്യം?

മലപ്പുറം: അത്ഭുതത്തിന് പോലും അത്ഭുതമായ അവസ്ഥയിലാണ് നിലവിൽ വേങ്ങര മണ്ഡലം. അത്ഭുതങ്ങൾക്ക് ഒരു സാധ്യതയും ഇതെഴുതുന്നതു വരെ ഇല്ലാത്ത മണ്ഡലമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര. പറഞ്ഞു പതിഞ്ഞ പ്രയോഗത്തിലാണെങ്കിൽ മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ട. ശരിക്കും പറഞ്ഞാൽ മണ്ഡലപുനർ നിർണ്ണയത്തിൽ രൂപപ്പെട്ട ലീഗിന്രെ ഉരുക്കുകോട്ട. ഒരു പതിറ്റാണ്ടില്‍ താഴെ മാത്രം പ്രായമുള്ള വേങ്ങര മണ്ഡലത്തില്‍ അട്ടിമറികളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല, വിമത സ്ഥാനാർത്ഥി പോലും.
സ്ഥാനാര്‍ത്ഥിയല്ല ഇവിടെ പ്രശ്നം ചിഹ്നമാണ്. ചിഹ്നത്തിൽ വിജയ കോണി കയറുന്നവരാണ് ഇവിടുത്തെ ജേതാക്കൾ. ലീഗിന്രെ കോട്ടയിൽ ലീഗ് തീരുമാനിക്കുന്നവരായിരുന്നു സാധാരണ ഗതിയിൽ ജയിച്ചിരുന്നത്. ഇടയ്ക്ക് ചില അട്ടിമറികളൊക്കെ സംഭവിച്ചിട്ടുണ്ട്. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി പോലും തോറ്റും തുന്നം പാടിയ ചരിത്രമുണ്ട്. പക്ഷേ, അതെല്ലാം അത്യപൂർവ്വമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ മാത്രം.

മുസ്ലിം ലീഗിന്രെ രാഷ്ട്രീയ തീരുമാനങ്ങളായിരുന്നു മുമ്പ് മുസ്‌ലിം സമുദായത്തില ഏക നിലപാട്. എന്നാൽ മുസ്‌ലിം സമുദായത്തിനകത്തുണ്ടായ രാഷ്ട്രീയ ഉണര്‍വിനെ തുടര്‍ന്ന് സമീപ കാല ചരിത്രം അല്‍പ്പം വ്യത്യസ്തമാണ്. പുതിയ രാഷ്ട്രീയ സമീപനങ്ങളുളള​ ചെറുപാർട്ടികൾ, ഗ്രൂപ്പുകൾ എന്നിവയൊക്കെ രൂപപ്പെട്ടിട്ടുണ്ട്. നേരത്തെ മുസ്ലിം ലീഗിനെ വിറപ്പിച്ച പി ഡി പി വർഷങ്ങളായി പേരിൽ മാത്രമായി ചുരുങ്ങിയത് ലീഗിന് ആശ്വാസമാകുന്ന ഘടകമാണ്. വോട്ടിനേക്കാളേറെ രാഷ്ട്രീയ നിലപാടിൽ ലീഗിന് എതിരാളികളായി വളർന്നു വരുന്ന പുതിയ പാർട്ടികളെയും പി ഡി പിയെയും ഒന്നും വേങ്ങര പോലൊരു മണ്ഡലത്തില്‍ ലീഗ് കണക്കിലെടുക്കുന്നുപോലുമില്ല. അത്തരം പാർട്ടികൾക്കെല്ലാം കൂടെ കിട്ടുന്ന വോട്ട് ലീഗ് സ്ഥാനാർത്ഥിക്ക് അപരനെ വേങ്ങരയിൽ നിർത്തിയാൽ അപരന് കിട്ടുമെന്ന പരിഹാസമാണ് ലീഗുകാർ പറയുന്നത്. എങ്കിലും മേലനങ്ങാതെ ജയിച്ചു കയറുന്ന ഏര്‍പ്പാട് ലീഗ് അവസാനിപ്പിച്ചിട്ടുണ്ട്. വേങ്ങരയിലെ ഇപ്പോള്‍ നടന്നു വരുന്ന തിരഞ്ഞെടുപ്പു പ്രചാരണം ചൂണ്ടിക്കാട്ടുന്നത് അതാണ്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ അത് തെളിയുകയും ചെയ്തതാണ്.

vengara by election candidates, pp basheer, kna khadar,, kc naseer, k.janchandran,
വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളായ പി പി ബഷീർ ( സി പിഎം) കെ എൻ എ ഖാദർ (ലീഗ്) കെ. സി നസീർ ( എസ് ഡി പി ഐ), കെ. ജനചന്ദ്രൻ ( ബി ജെ പി) എന്നിവർ

വേങ്ങര മണ്ഡലത്തില്‍ ആറു പഞ്ചായത്തുകളാണുള്ളത്. മുസ്ലിം ലീഗിന്റെ 17 എം എല്‍ എമാരേയും പഞ്ചായത്തു തലത്തിലുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ്. പ്രാദേശിക, ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കു പുറമെയാണിത്. ജയം ഉറപ്പെന്ന് പറയുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു വേണ്ടി മരിച്ചു പണിയെടുക്കുകയാണ് വേങ്ങരയില്‍ ലീഗ് നേതാക്കളും അണികളും. നിലവിലുള്ള വന്‍ ഭൂരിപക്ഷത്തെ എങ്ങനെ വമ്പന്‍ ഭൂരിപക്ഷമാക്കി മാറ്റാം എന്നതു മാത്രമാണ് ലീഗ് ക്യാമ്പുകളിലെ പ്രധാന ചര്‍ച്ച.

ഈ പ്രചാരണ കോലാഹലങ്ങള്‍ക്കിടയില്‍ വേങ്ങരയിലെ കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍. കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്നനിലയില്‍ കോണ്‍ഗ്രസിന്റെ സജീവ സാന്നിധ്യം എങ്ങും പ്രകടമാണ്. കോൺഗ്രസുകാർ സ്വന്തം മണ്ഡലങ്ങളിൽ പോലും കാണിക്കാത്ത ആവേശം വേങ്ങരയിൽ കാണിക്കുന്നു. എന്താണ് കോൺഗ്രസിന് വേങ്ങരയിൽ കാര്യം? ഖദറിട്ട കോൺഗ്രസ് നേതാക്കളുടെ നിരയും തിരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ കാണുമ്പോൾ ആളുകൾ മൂക്കത്ത് വിരൽ വച്ച് ചോദിക്കുകയാണ്. പ്രത്യേകിച്ച്, മണ്ഡലത്തിന് പുറത്തുളള കോൺഗ്രസുകാർ.
ലീഗിന് ഒറ്റയ്ക്കു നില്‍ക്കാന്‍ പാങ്ങുള്ള വേങ്ങരയില്‍ വോട്ടുകളേക്കാള്‍ അതിന്റെ സമ്പന്ന ചരിത്രമാണ് കോണ്‍ഗ്രസിന് കൂട്ടിനുള്ളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതിനൊന്നാം രാഷ്ട്രീയ സമ്മേളനം 1940 മേയ് നാലിന് നടന്നത് വേങ്ങര മണ്ഡലത്തിലെ പറപ്പൂരിലാണ്. മലബാറിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരധ്യായമാണീ സമ്മേളനം. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ സുപ്രധാന അമരക്കാരനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ആയിരുന്നു അന്ന് കെ പി സി സി പ്രസിഡന്റ്. മണ്ഡലത്തിലെ ഒരു പഞ്ചായത്തിന്റെ പേര് തന്നെ സാഹിബിന്റെ പേരിലാണ്. അബ്ദു റഹ്മാന്‍ നഗര്‍ (എ ആര്‍ നഗര്‍) പഞ്ചായത്ത്. ചരിത്രത്തില്‍ ഇങ്ങനെ കോണ്‍ഗ്രസിന്റേതു മാത്രമായ അധ്യായങ്ങള്‍ വേങ്ങരയില്‍ ഒരുപാടുണ്ട്.

kna khadar, muslim league candidate, vengara by election,
വേങ്ങര ഉപതിരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ ജില്ലാ കോൺഗ്രസ് നേതാക്കൾക്കൊപ്പം

കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും മുന്‍മന്ത്രിമാരും എംഎല്‍എമാരും നേതാക്കളുമെല്ലാം വേങ്ങരയില്‍ സജീവമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എം എം ഹസനും വേങ്ങരയില്‍ യുഡിഎഫിന്റെ പ്രചാരണങ്ങളുടെ തുടക്കം മുതല്‍ കൂടെയുണ്ട്. ലീഗിനേക്കാളേറെ ഇവിടെ വൻ വിജയം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസാണെന്ന് തോന്നിപ്പോകും വിധമാണ് പാര്‍ട്ടിയുടെ ഇവിടുത്തെ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. യുവ വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഓരോ പഞ്ചായത്തിലേയും പ്രചരണ ചുമതലകള്‍ കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാര്‍ക്കു നല്‍കിയിരിക്കുകയാണ്. ഇവര്‍ ഓരോരുത്തരായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടുത്ത മാസം മൂന്ന് മുതല്‍ മണ്ഡലം കേന്ദ്രീകരിച്ച് മുഴുസമയം പ്രചാരണത്തിനിറങ്ങാനിരിക്കുകയാണ്. മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ പോലെ ഹൈ ഡെസിബെല്‍ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെയും രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇവര്‍ക്കെല്ലാം പുറമെ പ്രാദേശിക നേതാക്കളും സജീവമായി രംഗത്തുണ്ട്.

യുഡിഎഫ് സംവിധാനത്തില്‍ ഒന്നാണെങ്കിലും വേങ്ങരയില്‍ പലയിടത്തും പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളാണ് ലീഗും കോണ്‍ഗ്രസും. പഞ്ചായത്തുകളുടെ ഭരണത്തിലും ഇതു പ്രകടമാണ്. ഇതിനു പുറമെ കോണ്‍ഗ്രസിന്റെ തന്നെ ഭിന്നിച്ചുനില്‍ക്കുന്ന വിഭാഗങ്ങള്‍ വേറെയുമുണ്ട്. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ പക്ഷെ ഈ ഭിന്നതകളൊക്കെ മറന്ന് ഇവര്‍ ഒറ്റക്കെട്ടാകുന്ന കാഴ്ചയും സാധാരണയാണ്. ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ സജീവതയും ഒത്തൊരുമയും പലയിടത്തും കോണ്‍ഗ്രസ്-ലീഗ് പോരിന് അന്ത്യം കുറിച്ചിട്ടുണ്ട്. ഇതിനു പിന്തുടര്‍ച്ചയായി പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തു തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനു ശേഷം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം എം ഹസനുമടക്കം മുതിര്‍ന്ന നേതാക്കള്‍ മലപ്പുറത്ത് കോണ്‍ഗ്രസിന്റെ പ്രകടനം വിലയിരുത്താന്‍ ഒത്തുചേര്‍ന്നിരുന്നു.

malappuram by election, ldf, udf, iuml, muslimleague, cpm, sdpi, welfare party

വേങ്ങരയിലെ കണ്ണമംഗലം പഞ്ചായത്ത് അടക്കം യുഡിഎഫ് ഭിന്നിച്ചു നിന്ന പലയിടത്തും കോണ്‍ഗ്രസിനേയും ലീഗിനേയും ഒന്നിപ്പിക്കിക്കുന്നതില്‍ ചിട്ടയായ ഈ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്തുവെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും പ്രകടനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന തീരുമാനത്തിലാണ് പാര്‍ട്ടി എത്തിയതെന്ന് കെ പി സി സി സെക്രട്ടറിയും വേങ്ങര ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ കെ പി അബ്ദുല്‍ മജീദ് പറയുന്നു. ബുത്ത് തലം തൊട്ടുള്ള കോണ്‍ഗ്രസിന്റെ എല്ലാ പ്രാദേശിക നേതാക്കളേയും വിളിച്ചു വരുത്തി അഞ്ചു മണിക്കൂറോളം നീണ്ട അവലോകനമാണ് നടത്തിയത്. പ്രശ്‌നങ്ങള്‍ വലിയ അളിവില്‍ പരിഹരിക്കാന്‍ ഇതു വഴിയൊരുക്കി. ലീഗ് ഭരിച്ചിരുന്ന കണ്ണമംഗലം പഞ്ചായത്ത് ഭരണത്തില്‍ കോണ്‍ഗ്രസിനെ കൂടി പങ്കാളിയാക്കിയത് ഇതിനൊരു തെളിവാണ്. കോണ്‍ഗ്രസിലെ പ്രബലരായ ഒരു വിഭാഗവും സിപിഎമ്മും എസ്ഡിപിഐയും അടങ്ങുന്ന സാമ്പാര്‍ മുന്നണി ഭരിക്കുന്ന പറപ്പൂരിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് നേട്ടമുണ്ടാക്കിയതായും മജീദ് പറയുന്നു.

ലോക്‌സഭയിലെ മലപ്പുറത്തെ വിജയം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ആഘോഷിച്ച ഒരു വിജയമായിരുന്നു. മണ്ഡലം ലീഗിന്റേതാണെങ്കിലും കേരളത്തിനു പുറത്ത് കോണ്‍ഗ്രസ് മുന്നണിയുടെ വിജയമായാണ് ഇതു വിലയിരുത്തപ്പെട്ടത്. ഇതേ നേട്ടമാണ് വേങ്ങരയിലും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാജ്യത്തൊട്ടാകെ കനത്ത തെരഞ്ഞെടുപ്പു പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഈ വിജയങ്ങളെല്ലാം തങ്ങളുടെ ദേശീയ പ്രചാരണങ്ങള്‍ക്ക് നന്നായി ഉപയോഗപ്പെടുത്തും. അവകാശ വാദങ്ങള്‍ക്കപ്പുറം വിയര്‍പ്പൊഴുക്കി തന്നെ നേട്ടമുണ്ടാക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം. മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ഇത്  തെളിയിച്ചതാണ്. വേങ്ങരയിലും കോണ്‍ഗ്രസിന്റെ പ്രതീക്ഷ അതു തന്നെ.

കോൺഗ്രസ് ഇങ്ങനെയൊക്കെ കണക്കു കൂട്ടിയാലും വേങ്ങരയിലെ ഫലം അനുകൂലമാണെങ്കിൽ അതിന്രെ നേട്ടം കോൺഗ്രസിന് ദേശീയ തലത്തിൽ ലഭിക്കുമെങ്കിലും സംസ്ഥാനതലത്തിൽ ലീഗിന്രെ നേട്ടമായിട്ടായിരിക്കും അത് വിലയിരുത്തുക. ഇത് കോൺഗ്രസുകാർക്കും അറിയാം എന്നാലും സംഘടന സജീവമാക്കാൻ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ  സാധ്യമായി എന്ന വിലയിരുത്തലുളള കോൺഗ്രസ് നേതാക്കളുമുണ്ട്. ​ഈ അധ്വാനം കൊണ്ട് കോൺഗ്രസിന് നേട്ടമേയുളളൂ നഷ്ടമൊന്നുമില്ലെന്നാണ് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെയും ജില്ലാ നേതാക്കളുടെയും അഭിപ്രായം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Muslim league win in vengara by poll could boost congress party morale