മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ പികെ കുഞ്ഞാലിക്കുട്ടി എംപിക്കെതിരെ ലീഗ് നടപടിയെടുക്കില്ല. കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശിച്ചതായും അദ്ദേഹം അറിയിച്ചു.

മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിട്ടു നില്‍പ്പ് മുസ്ലീം ലീഗ് പ്രവര്‍ത്തകരില്‍ അതൃപ്തിയുണ്ടാക്കിയെന്ന് സാദിഖ് അലി തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അണികളുടെ അതൃപ്തി ലീഗ് ഗൗരവത്തോടെ കാണുന്നു. ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സംഭവിക്കാന്‍ പാടില്ലാത്തതാണ്, ഇത് എല്ലാ ജനപ്രതിനിധികള്‍ക്കും ഒരു പാഠമാണെന്നും സാദിഖലി പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സാദിഖ് അലി തങ്ങളുടെ പ്രതികരണം.

ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ജനപ്രതിനിധികള്‍ വീഴ്ച്ച വരുത്താന്‍ പാടില്ല. പാര്‍ട്ടിയുടെ താല്‍പര്യത്തിനും രാജ്യത്തിന്റെ താല്‍പര്യത്തിനും ഇത് എതിരാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നറിയിപ്പുകളുണ്ടാകും. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ലീഗിന്റെ കടമ ഇ.ടി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ബില്ലിനെ എതിര്‍ത്ത് ഇ.ടി മുഹമ്മദ് ബഷീര്‍ വോട്ട് ചെയ്ത് പാര്‍ട്ടി ഉത്തരവാദിത്വം നിര്‍വഹിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്ക് വിധേയനായാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത്. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ തുടരണമെന്നാണ് ലീഗ് നിലപാട്. നിലവിലെ സ്ഥിതിഗതികള്‍ കുഞ്ഞാലിക്കുട്ടി, ശിഹാബ് തങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. അതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞിരുന്നു.

മുത്തലാഖ് ബില്‍ ലോകസഭയില്‍ ചര്‍ച്ച ചെയ്യുന്ന ദിവസം വിവാഹ ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദത്തിന് കാരണമായത്. സംഭവത്തില്‍ വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അന്നേ ദിവസം പാര്‍ട്ടി മുഖപത്രത്തിന്റെ ഗവേണിങ് ബോഡിയുടെ യോഗമുണ്ടായിരുന്നുവെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ