തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി ഡോ. മുബാറക് ഷായെ നിയമിച്ചതിനെ പിന്തുണച്ച് മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക. ചന്ദ്രികയുടെ മുഖപത്രത്തിലെ എഡിറ്റോറിയലിന്‍റെ തലക്കെട്ട് തന്നെ ‘മുസ്ലിം പേരിനോട് ഓക്കാനമോ?’ എന്നതാണ്.
ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സര്‍വ്വകലാശാലയില്‍ മുസ്‌ലിമിനെ വി.സിയായി നിയമിച്ചത് ശ്രീനാരായണ ധര്‍മ പരിപാലന സംഘം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിക്കുന്നത് ഗുരുവിന്റെ ആശയങ്ങള്‍ അദ്ദേഹം ഉള്‍ക്കൊള്ളാത്തത് കൊണ്ടാണെന്ന് ചന്ദ്രികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
“ശ്രീനാരായണ ആദർശങ്ങളെക്കുറിച്ച് സാമാന്യജ്ഞാനമുള്ളവരെല്ലാം തന്നെ ഇത് കേട്ട് മൂക്കത്ത് വിരൽ വച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ജാതി ചോദിക്കരുത്, പറയരുത്’ എന്നും മനുഷ്യരായ സർവരോടും കൽപിക്കുകയും ഉപദേശിക്കുകയും ചെയ്ത കേരളത്തിന്‍റെയും മലയാളിയുടെയും അഭിമാനപുരുഷനായ നാരായണഗുരുവിന്‍റെ പേരുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്‍റെ ആശയാദർശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്‍റെ സാരഥി ഇത്തരമൊരു ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ,” മുഖപ്രസംഗത്തില്‍ പറയുന്നു.
”മുമ്പും ഗുരുദേവന്റെ അടിസ്ഥാന ആശയങ്ങളായ പലതിനെയും തന്റേതായ വ്യാഖ്യാനത്തിലൂടെ വക്രീകരിക്കുകയും സ്വാര്‍ത്ഥ രാഷ്ട്രീയ സാമ്പത്തിക മോഹങ്ങള്‍ക്കുവേണ്ടി ദുരുപയോഗിക്കുകയും ചെയ്തിട്ടുള്ളയാളെന്ന നിലക്ക് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ വാക്കുകള്‍ തികഞ്ഞ അവജ്ഞയോടെയല്ലാതെ കടുത്ത വര്‍ഗീയത തലക്കുപിടിക്കാത്തയാരും കരുതുകയില്ല,” ചന്ദ്രിക മുഖപ്രസംഗത്തില്‍ പറയുന്നു.
ഗുരുവിന്‍റെ ആശയങ്ങളെ സ്വന്തം താത്പര്യത്തിന് വക്രീകരിച്ച ആളാണ് വെള്ളാപ്പള്ളിയെന്ന് വിമർശിക്കുന്ന ചന്ദ്രിക, ഇവ പലതും സ്വന്തം സ്വാർത്ഥ രാഷ്ട്രീയ സാമ്പത്തികമോഹത്തിന് ഉപയോഗിച്ചെന്നും പറയുന്നു. അവജ്ഞയോടെ തള്ളിക്കളയാവുന്ന വാക്കുകളാണ് വെള്ളാപ്പള്ളിയുടേതെന്നും ചന്ദ്രിക ആഞ്ഞടിക്കുന്നു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി ഡോ. മുബാറക് പാഷയെ നിയമിച്ചതില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രകടിപ്പിക്കുന്ന എതിര്‍പ്പുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് നേരത്തെ കോഴിക്കോട് സര്‍വ്വകലാശാല മുന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം കൂടിയായ ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞിരുന്നു.