scorecardresearch
Latest News

ഉദ്ദേശിച്ചത് വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാട്; മന്ത്രിയെ അധിക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി

ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞു

ഉദ്ദേശിച്ചത് വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാട്; മന്ത്രിയെ അധിക്ഷേപിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ ഖേദപ്രകടനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചതെന്നും വ്യക്തിപരയായി ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദയത്തിൽ വിഷമമുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു ലീഗ് നേതാവിന്റെ പരാമർശം. മുസ്‌ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ വെച്ച് നടത്തിയ വഖഫ് സംരക്ഷണ റാലിയിലാണ് അബ്ദുറഹ്മാന്‍ കല്ലായി വിവാദ പ്രസ്താവന നടത്തിയത്.

“മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ഇത് വിവാഹമാണോ. വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം, തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം” അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.

സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഭാര്യക്കും ഭർത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് കോടതി ഒരു നിരീക്ഷണം നടത്തിയല്ലോ. അത് ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐ ആണെന്നും അദ്ദേഹം പറഞ്ഞു.

Also Read: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യം കണ്ണൂരിൽ

ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെയും കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അബ്ദുറഹ്‍മാൻ കല്ലായിയുടെ വിവാദ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമാണ്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് മുസ്ലിം ലീഗ് കോഴിക്കോട് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Muslim league state secretary make controversial comment against minister muhammed riyas