കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ് നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. അപകീർത്തി പരാമർശം, മതസ്പർധവളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു ലീഗ് നേതാവിന്റെ പരാമർശം. മുസ്‌ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ വെച്ച് നടത്തിയ വഖഫ് സംരക്ഷണ റാലിയിലാണ് അബ്ദുറഹ്മാന്‍ കല്ലായി വിവാദ പ്രസ്താവന നടത്തിയത്.
“മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ഇത് വിവാഹമാണോ. വ്യഭിചാരമാണ്, അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണം, തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ പ്രകടിപ്പിക്കണം”എന്നാണ് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത്.
ഈ പരാമർശം നടത്തിയതിൽ അബ്ദുറഹ്മാന്‍ കല്ലായി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചതെന്നും വ്യക്തിപരയായി ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദത്തിൽ വിഷമമുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞിരുന്നു.