കോഴിക്കോട്: ആര് എസ് എസ് ചടങ്ങില്‍ അഡ്വ. കെ എന്‍ എ ഖാദര്‍ പങ്കെടുത്തതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശം ശക്തമായതോടെ പ്രതിരോധത്തിലായി മുസ്ലിം ലീഗ്. പാര്‍ട്ടി നയം ലംഘിച്ച് ആര് എസ് എസ് പരിപാടിയില്‍ പങ്കെടുത്ത ഖാദറില്‍നിന്നു വിശദീകരണം തേടിയ ലീഗ് ഇതു പരിശോധിച്ച് തുടര്‍നടപടി ചര്‍ച്ച ചെയ്യുമെന്ന നിലപാടിലാണിപ്പോള്‍.
ആര് എസ് എസ് മുഖപത്രമായ കേസരിയുടെ കോഴിക്കോട് ചാലപ്പുറത്തെ ആസ്ഥാനത്ത് നടന്ന സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണു ലീഗ് ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമായ ഖാദര്‍ പങ്കെടുത്തത്. കേസരി മന്ദിരത്തിലെ ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങില്‍ ഖാദറിനെ ആര് എസ് എസ് സൈദ്ധാന്തികനും പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനറുമായ ജെ നന്ദകുമാര്‍ പൊന്നാട അണിയിച്ചിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിനു പുറത്തുനിന്ന് കാണിക്ക അര്‍പ്പിക്കാനേ തനിക്കു കഴിഞ്ഞുള്ളൂവെന്നും അകത്തു കയറാന്‍ സാധിച്ചിട്ടില്ലെന്നും ഖാദര്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ആഗ്രഹിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തവര്‍ തന്നെ പോലെ നിരവധി പേരുണ്ട്. വടക്കേയിന്ത്യയില്‍ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ പോകാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ പോകാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് തനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയാത്തതെന്നും പരിപാടിയില്‍ ഖാദര്‍ ചോദിച്ചിരുന്നു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതാണ് രാജ്യത്തിന്റെ ആശയമെന്നു ജെ നന്ദകുമാര്‍ പ്രസംഗത്തില്‍ പറഞ്ഞതു പരാമര്‍ശിച്ചായിരുന്നു ഖാദറിന്റെ ചോദ്യം.
ബി ജെ പി വക്താവായിരുന്ന നൂപുര്‍ ശര്‍മയും നവീന്‍ ജിന്‍ഡാലും പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെയും പുറത്തെയും മുസ്ലിങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ ആര് എസ് എസ് പരിപാടിയില്‍ കെ എന്‍ എ ഖാദര്‍ പങ്കെടുത്തത് ലീഗിനുള്ളില്‍ വലിയ അമര്‍ഷമാണു സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഖാദറിന്റെ നടപടി പാര്‍ട്ടി നയത്തിന്റെ ലംഘനമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണു ഖാദര്‍ ആര് എസ് എസ് ചടങ്ങില്‍ പങ്കെടുത്തതെന്നും ലീഗ് നേതാക്കള്‍ പറയുന്നു.
Also Read: എന്താണ് കൂറുമാറ്റ നിരോധന നിയമം? ഷിൻഡെയ്ക്ക് എങ്ങനെ അതിൽനിന്നും രക്ഷപ്പെടാൻ കഴിയും
കെ എന്‍ എ ഖാദര്‍ ആര് എസ് എസ് ചടങ്ങില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നതായി ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. ഖാദറിന്റെ വിശദീകരണം പാര്‍ട്ടി പരിശോധിക്കുമെന്നും
ആര് എസ് എസ് വേദികളില്‍ പങ്കെടുക്കാന്‍ ലീഗിനു വിലക്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഖാദര്‍ ചടങ്ങില്‍ പങ്കെടുത്തതെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം ഡോ. എം കെ മുനീര്‍ പറഞ്ഞു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായിട്ടാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. ഉന്നതാധികാര സമിതി അറിഞ്ഞിട്ടില്ല. ഈ സാഹചര്യം എങ്ങനെയുണ്ടായെന്ന് പാര്‍ട്ടി ചര്‍ച്ചചെയ്യും. അദ്ദേഹത്തിന്റെ വിശദീകരണവും കേള്‍ക്കുമെന്നും മുനീര്‍ പറഞ്ഞു.
എന്നാല്‍, ആര് എസ് എസ് പരിപാടിക്കല്ല, മതസൗഹാര്‍ദം ലക്ഷ്യമിട്ട് സാംസ്കാരിക പരിപാടിക്കാണു പോയതെന്നാണു സംഭവം വിവാദമായതിനു പിന്നാലെ കെ എന്‍ എ ഖാദര്‍ വിശദീകരിച്ചിരിക്കുന്നത്. എല്ലാം മതസ്ഥരും തമ്മില്‍ സ്നേഹവും ഐക്യവും വേണമെന്ന് വിചാരിച്ചാണു പരിപാടിയില്‍ പങ്കെടുത്തത്. നമ്മള് വിളിച്ചാല്‍ എല്ലാവരും എത്തുന്നുണ്ട്. മറുവശത്തുനിന്നു ക്ഷണം ലഭിച്ചാല്‍ പോകേണ്ടതല്ലേയെന്ന ശുദ്ധമനസുകൊണ്ടാണ് പങ്കെടുത്തത്. മതസൗഹാര്ദത്തെക്കുറിച്ചാണ് പരിപാടിയില്‍ സംസാരിച്ചത്. എല്ലാ മതങ്ങളെക്കുറിച്ചും നല്ലതു മാത്രം പറയുന്ന ആളാണു താന്‍. മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കുമിടയില്‍ ഐക്യം വേണമെന്ന് കുറേക്കാലമായി താന്‍ പറയുന്നുണ്ട്. ആര് എസ് എസിനെക്കുറിച്ച് ലീഗില്‍നിന്ന് വ്യത്യസ്തമായി ഒരു നിലപാടും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.v
ഇത്തരം കാര്യങ്ങളില്‍ ഇതാദ്യമായല്ല കെ എന്‍ എ ഖാദര്‍ വിവാദത്തില്‍ പെടുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഖാദര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വരികയാണെങ്കില്‍ ഫോറങ്ങള്‍ പൂരിപ്പിക്കാന്‍ മുസ്ലിംലീഗ് സഹായം നല്‍കുമെന്നായിരുന്നു ഖാദറിന്റെ പ്രസ്താവന. ഇത്, അദ്ദേഹം മത്സരിച്ച ഗുരുവായൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി പ്രചാരണവിഷയമാക്കിയിരുന്നു.
Also Read: ആരാണ് ദ്രൗപതി മുർമു; അറിയാം ഈ 10 കാര്യങ്ങൾ
പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രപരിസരം സന്ദര്‍ശിച്ചപ്പോഴായിരുന്നു ഖാദര്‍ കാണിക്കയിട്ടത്. ഈ സംഭവും തിരഞ്ഞെടുപ്പ് വേളയില്‍ ചര്‍ച്ചയായിരുന്നു. ഗുരുവായൂരില്‍ എന്‍ ഡി എക്കു സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. എന്‍ ഡി എയുടെ പത്രിക തള്ളിപ്പോയതിനെത്തുടര്‍ന്ന് ഖാദറിനു വോട്ട് ചെയ്യാന്‍ ബി ജെ പി നേതാവ് സുരേഷ് ഗോപി അഭ്യര്‍ഥിച്ചതും വാര്‍ത്തയായി. ഇത് ഏറ്റുപിടിച്ച ഇടതുമുണണി ഖാദറിന്റെ സംഘപരിവാര്‍ ബന്ധം ആരോപിച്ച് പ്രചാരണം നടത്തിയിരുന്നു.
ഗുരുവായൂരില്‍ ബി ജെ പിക്കു സ്ഥാനാര്ത്ഥിയില്ലാത്തതു സുരേഷ് ഗോപി കെ എന്‍ എ ഖാദറിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തതും യാദൃശ്ചികമല്ലെന്നായിരുന്നു അന്ന് സി പി എമ്മിന്റെ ആരോപണം. ഖാദറിന്റെ സംഘപരിവാര്‍ പ്രേമം നേരത്തെ തുടങ്ങിയതാണെന്നും ജന്മഭൂമിയില് ഇടയ്ക്കിടയ്ക്ക് ലേഖനങ്ങള്‍ എഴുതുന്നയാളാണ് ഖാദറെന്നും അന്ന് സി പി എം കേന്ദ്രങ്ങളില്‍നിന്ന് ആരോപണമുണ്ടായിരുന്നു.
ഗുരുവായൂരില്‍ തോറ്റതിനുശേഷം പാര്‍ട്ടി വേദികളില്‍ ഖാദര്‍ സജീവമല്ലെന്ന വിമര്‍ശം ലീഗിലുണ്ട്. ഇതിനു പിന്നാലെയാണ് ആര് എസ് എസ് ചടങ്ങില്‍ പങ്കെടുത്തതിലൂടെ അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ഖാദര്‍ തുടര്‍ച്ചയായി പാര്‍ട്ടി നയത്തിനെതിരായാണു പ്രവര്‍ത്തിക്കുന്നതെന്നാണു ലീഗ് നേതൃത്വത്തില്‍ പലരുടെയും നിലപാട്.
നേരത്തെ വേങ്ങര, കൊണ്ടോട്ടി മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ച ഖാദര്‍ 1987-ലാണു മുസ്ലിം ലീഗില്‍ ചേര്‍ന്നത്. അതിനു മുന്‍പ് സി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. 1970-ല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.