മലപ്പുറം: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ മുസ്‌ലിം ലീഗ്. എന്നാൽ, പ്രിയങ്കയോടുള്ള വിയോജിപ്പ് വെറും രണ്ട് വാക്കിലൊതുക്കി. “പ്രിയങ്കയുടെ പ്രസ്‌താവന അസ്ഥാനത്തായി. പ്രസ്‌താവനയോട് അതൃപ്‌തിയുണ്ട്.” ഇത്രമാത്രമാണ് ലീഗ് പ്രതികരിച്ചത്. ദേശീയ നിർവാഹക സമിതി യോഗത്തിന് ശേഷമാണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ കൂടുതൽ ഒരു പ്രസ്‌താവനയ്‌ക്കും വിശദീകരണത്തിനും ഈ ഘട്ടത്തിൽ ഇല്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ലീഗ് നേതാക്കൾ പറഞ്ഞു.

“അയോധ്യ കേസിൽ സുപ്രീം കോടതി വിധി പറഞ്ഞതാണ്. ആ വിധി അംഗീകരിക്കുന്നുവെന്ന് അന്നേ വ്യക്തമാക്കിയിരുന്നു. പക്ഷേ വിധി സ്വീകരിക്കുന്നു എന്ന് പറഞ്ഞിട്ടില്ല” ലീഗ് നേതാവും എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

ഇന്നു രാവിലെ പതിനൊന്നിനാണ് പാണക്കാട് തങ്ങളുടെ വസതിയിൽ ദേശീയ ഭാരവാഹി യോഗം നടന്നത്. ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ള നേതാക്കൾ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും പങ്കെടുത്തു.

Read More: ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരം; രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്‌ത് പ്രിയങ്ക ഗാന്ധി

ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും ത്യാഗം,ധൈര്യം, തുടങ്ങിയ ഗുണങ്ങള്‍ രാമന്റെ പ്രതീകങ്ങളാണെന്നും ട്വിറ്ററിൽ പ്രിയങ്ക കുറിച്ചിരുന്നു. എന്നാൽ, ഉത്തരേന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം എന്നാണ് കോൺഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചത്.

അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു. ദിഗ്‌വിജയ് സിങ്, മനീഷ് തിവാരി, കമൽനാഥ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ നേരത്തെ രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്‌തു രംഗത്തെത്തിയിരുന്നു.

Read Also: വെറുപ്പിലും ക്രൂരതയിലും രാമനില്ല; ഭൂമിപൂജയ്‌ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണം

“ധെെര്യവും ത്യാഗവും ലാളിത്യവും പ്രതിബദ്ധതയുമാണ് രാമൻ എന്ന പേരിനർത്ഥം. രാമൻ എല്ലാവരിലുമുണ്ട്, എല്ലാവർക്കൊപ്പവുമുണ്ട്. ശ്രീരാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താൽ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മയ്‌ക്കുമുള്ള അവസരമാണ്” എന്നായിരുന്നു പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്. ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രിയങ്ക തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.