മഞ്ചേശ്വരം: ശബരിമല വിഷയത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന നിരാഹാര വേദി സന്ദർശിച്ച നേതാവിനെ മുസ്‌ലീം ലീഗ് പുറത്താക്കി. തിരുവനന്തപുരത്ത് യൂത്ത് ലീഗിന്റെ യുവജന യാത്രയുടെ സമാപന ദിവസമാണ് മംഗൽപാടി പഞ്ചായത്ത് മൂന്നാം വാർഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജി ശോഭാ സുരേന്ദ്രന്റെ നിരാഹാര വേദിയിലെത്തിയത്. സംഭവം വിവാദമായതോടെ പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റിയാണ് പുറത്താക്കൽ നടപടിയെടുത്തത്.
വാർഡ് കമ്മിറ്റി വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ സ്വീകരിച്ച തീരുമാനം പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മുഹമ്മദ് ഹാജിക്ക് പകരം യു.കെ. ഇബ്രാഹിം ഹാജിയെ ആക്‌ടിങ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
മംഗൽപാടി പഞ്ചായത്തിലെ ബി.കെ. യൂസഫ്, മുഹമ്മദ് അഞ്ചിക്കട്ടയും മുഹമ്മദ് ഹാജിക്കൊപ്പം ബിജെപിയുടെ നിരാഹാര വേദി സന്ദർശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ സംഭവം വിവാദമായതോടെയാണ് മുസ‌്ലീം ലീഗ് നേതൃത്വം നടപടി കൈക്കൊണ്ടത്.
മുമ്പ് വനിതാ മതിലിനെ പിൻതുണച്ചതിന്റെ പേരിൽ ഷുക്കൂർ വക്കീലിനെ പ്രാഥമികാംഗത്വത്തിൽ നിന്നും ലീഗ് പുറത്താക്കിയിരുന്നു. എന്നാൽ ബിജെപിയുടെ സമരപന്തലിൽ ചെന്ന് ശോഭാ സുരേന്ദ്രനൊപ്പം ഫോട്ടോയെടുത്ത നേതാവിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്ത് വിവാദം അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്.