മലപ്പുറം: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവുമായ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കേന്ദ്ര സര്‍ക്കാരിന്റെ സംശയകരമായ നീക്കങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ലീഗ് പോരാട്ടത്തിനൊരുങ്ങുന്നു. ഡെല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍ നീരീക്ഷിച്ചു വരികയാണെന്നും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആലോചിക്കുമെന്നും ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നടന്ന സംസ്ഥാന കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ശക്തമായി അപലപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് രാജ്യത്തോടും ഒരു മുതിര്‍ന്ന പാര്‍ലമെന്റേറിയനോടുമുള്ള അവഹേളനമാണെന്നും സംസ്‌കാരമില്ലായ്മയാണെന്നും ലീഗ് അഭിപ്രായപ്പെട്ടു.

അഹമ്മദിന്റെ മരണം മറച്ചു വച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള നീക്കമാണ് ലീഗ് ആലോചിക്കുന്നത്. ഇക്കാര്യം ഉടന്‍ ചേരുന്ന പാര്‍ട്ടി ദേശീയ സമിതി യോഗം വിശദമായി ചര്‍ച്ച ചെയ്യുമെന്നാണറിയുന്നത്.

അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലുണ്ടായ സംശയകരമായ നീക്കങ്ങള്‍ക്കു പിന്നില്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്നാണ് നേതാക്കളുടെ ആരോപണം. ‘മൂന്‍കൂട്ടി ആലോചിച്ചുറപ്പിച്ച കാര്യങ്ങളാണ് അവിടെ നടന്നത്. അഹമ്മദ് സാഹിബിന്റെ ആരോഗ്യ സ്ഥിതി മക്കളെ പോലും അറിയിക്കാതിരിക്കുകയും പിതാവിന്റെ അന്ത്യനിമിഷത്തില്‍ കൂടെ നില്‍ക്കാന്‍ അവരെ അനുവദിക്കാതിരിക്കുകയും ചെയ്തതിനു പിന്നില്‍ നിഗൂഢതകളുണ്ട്,’ കുഞ്ഞാലികുട്ടി പറഞ്ഞു.

ആശുപത്രിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് അഹമ്മദിന്റെ കുടുംബവുമായി കൂടിയാലോചിച്ച ശേഷം പാര്‍ട്ടി തീരുമാനമാനമെടുക്കും. ആശുപത്രിയില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടെന്നതിന് വ്യക്തമായ സൂചനകളുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മരണ വിവരം മറച്ചു വച്ച ആശുപത്രി അധികൃതരുടെ സമീപനത്തേയും യോഗം അപലപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്തു ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഭാവി നീക്കങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതവരുത്തും.

അതിനിടെ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ട് ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന് ദേശീയ അധ്യക്ഷന്റെ അധിക ചുമതല കൂടി നല്‍കിയതായി പാര്‍ട്ടി അറിയിച്ചു. ചെന്നൈയില്‍ ഈ മാസം അവസാനം ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ