തിരുവനന്തപുരം: എം.വി.ഗോവിന്ദന്റെ പ്രസ്താവന കൊണ്ട് യുഡിഎഫിൽ കുഴപ്പമുണ്ടാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതാശൻ. എന്തെങ്കിലും കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കിൽ അത് വാങ്ങി വച്ചാൽ മതി. ആ പരിപ്പ് ഇവിടെ വേവില്ല. യുഡിഎഫ് ഒറ്റക്കെട്ടാണ്. യുഎഫിന് അകത്ത് നല്ല ഐക്യമുണ്ട്. മുസ്ലിം ലീഗ് യുഡിഎഫിന്റെ അഭിവാജ്യ ഘടകമാണ്. തീവ്രവാദ ബന്ധമുള്ള സംഘടനയാണെന്ന പിണറായി വിജയന്റെ അഭിപ്രായം ഗോവിന്ദൻ മാഷ് തിരുത്തിയതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു.
മുസ്ലിം ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായാണ് ലീഗിനെ സിപിഎം കണ്ടിട്ടുള്ളത്. 1967 ലെ സര്‍ക്കാരില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിലാണ് പറഞ്ഞത്.
രാജ്യസഭയിൽ ഏകീകൃത സിവിൽ കോഡ് ചർച്ചയ്ക്ക് എത്തിയപ്പോൾ ഒരു കോൺഗ്രസ് എംപി പോലും പാർലമെന്റിൽ ഇല്ലായിരുന്നുവെന്ന പിവി.അബ്ദുൾ വഹാബിന്രെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം തനിക്ക് അറിയില്ലെന്നാണ് സതീശൻ പറഞ്ഞത്. ഏകീകൃത സിവില്‍ കോഡ് ബില്ലിനെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തെന്നും ജെബി മേത്തര്‍ബില്ലിനെ ശക്തമായി എതിര്‍ത്തുവെന്നും സതീശൻ പറഞ്ഞു.
അതേസമയം, ഏകീകൃത സിവില്‍ കോഡ് ബില്ലിൽ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ താൻ കോൺഗ്രസിനെ വിമർശിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.വി.അബ്ദുൾ വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. താൻ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിട്ടില്ല. ബില്ല് ചർച്ചയ്ക്ക് എടുത്ത സമയത്തെ സാഹചര്യം വ്യക്തമാക്കിയതായിരുന്നു. കോൺഗ്രസിന്റെ ഭാഗത്ത് ഒരാളെ പോലും കണ്ടില്ല. ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. ഞാൻ പറഞ്ഞതിന് ശേഷം ജെ.ബി.മേത്തറടക്കമുള്ള രണ്ടോ മൂന്നോ കോൺഗ്രസ് എംപിമാർ ഓടിവന്നു. അവർക്കും സംസാരിക്കാൻ അവസരം കിട്ടി. ഞാനത് പറഞ്ഞത് ആ വിഷയം ശ്രദ്ധയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച് തന്നെയാണ്. എന്നാലത് പരസ്യ വിമർശനമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.