മലപ്പുറം: കേരള കോൺഗ്രസ് എമ്മിന് രാജ്യസഭ സീറ്റ് നൽകിയതിനെതിരെ കോൺഗ്രസിൽ പുകയുന്ന പ്രതിഷേധം ശക്തം. മലപ്പുറത്ത് ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ കോൺഗ്രസ് പതാക താഴ്ത്തിക്കെട്ടി. കോൺഗ്രസ് പതാകയ്ക്ക് പകരം ഡിസിസി ഓഫീസിന് മുന്നിൽ അജ്ഞാതർ മുസ്ലിം ലീഗിന്റെ പതാക ഉയർത്തി.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കുന്നതിൽ ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയത് മുസ്ലിം ലീഗാണ്. ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസിനെ ഒപ്പമെത്തിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ് രാജ്യസഭ സീറ്റ് കൈമാറിയത്. മുന്നണിയിൽ ഇല്ലാത്ത കേരള കോൺഗ്രസിന് സ്വന്തം സീറ്റ് ബലികഴിപ്പിച്ചതിനെതിരെ കോൺഗ്രസിന് അകത്ത് കലാപക്കൊടി ഉയർന്നിരിക്കുകയാണ്.

മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് മുകളിലായിട്ടാണ് ലീഗിന്റെ പതാക ഉയർത്തിയത്. ഇന്നലെ രാത്രി പത്തര മണിയോടെയാണ് സംഭവം നടന്നത്.

മുന്നണിയുടെ പോലും ഭാഗമല്ലാത്ത മാണിഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ മുന്നില്‍ പ്രവര്‍ത്തിച്ചത് ലീഗ് എം.പിയും മുതിര്‍ന്ന നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് നേതൃത്വത്തോടുളള പ്രതിഷേധം ഇത്തരത്തിൽ ഉയർത്തിയതെന്നാണ് നിഗമനം.

രാജ്യസഭാ സീറ്റ് വിട്ട് കൊടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടങ്ങിളിലും കോൺഗ്രസ് നേതാക്കളുടെ കോലം കത്തിച്ചിരുന്നു. ഇന്നലെ വൈകുന്നേരം പ്രതിഷേധ പ്രകടനവും പലയിടത്തും അരങ്ങേറി. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കുമെന്ന് ഡിസിസി വൃത്തങ്ങള്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ