കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ 10 കോടിയുടെ കള്ളപ്പണ നിക്ഷേപത്തെ സംബന്ധിച്ച കേസിനെച്ചൊല്ലി മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. വിഷയം ചര്‍ച്ച ചെയ്യാന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വിഇ. അബ്ദുള്‍ ഗഫൂറിനെയും വൈസ് പ്രസിഡന്റ് ടിഎം അബ്ബാസിനെയും ഒഴിവാക്കി ചേരാനിരുന്ന ജില്ലാ കമ്മിറ്റി യോഗം മറുവിഭാഗം സംസ്ഥാന കമ്മിറ്റിയെ ഇടപെടുത്തി തടഞ്ഞു. കള്ളപ്പണ നിക്ഷേപണം സംബന്ധിച്ച് ആരോപണ വിധേയനായ വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എയുടെ മകനാണ് അബ്ദുള്‍ ഗഫൂര്‍.
എറണാകുളം മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലെ സി എച്ച് മുഹമദ് കോയ സ്മാരക ലീഗ് ഹൗസില്‍ ഇന്നു വൈകിട്ട് മൂന്നരയ്ക്കായിരുന്നു യോഗം ചേരേണ്ടിയിരുന്നത്. ജില്ലാ പ്രഡിഡന്റ് കെഎം അബ്ദുള്‍ മജീദിന്റെ നേതൃത്വത്തിലാണു യോഗം ചേരാനിരുന്നത്. 18 അംഗ ജില്ലാ ഭാരവാഹികളില്‍ ഭൂരിഭാഗവും യോഗത്തിന് എത്തി. എന്നാല്‍, യോഗം മാറ്റിവയ്ക്കണമെന്നും സംസ്ഥാന നിരീക്ഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചേരാവൂയെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അവസാന നിമിഷം, യോഗം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചതായാണു വിവരം.
വിഇ അബ്ദുള്‍ ഗഫൂറിനും ജില്ലാ വൈസ് പ്രസിഡന്റ് ടിഎം അബ്ബാസിനുമെതിരായ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനാണ് എതിര്‍വിഭാഗം ഇന്നു ജില്ലാ കമ്മിറ്റി യോഗം വിളിച്ചെതെന്നാണു വിവരം. അസേമയം, യോഗം വിളിക്കാനുള്ള ചുമതല തനിക്കാണെന്നും ഇന്ന് യോഗം വിളിച്ചിട്ടില്ലെന്നും ജില്ലാ ജനറല്‍ സെക്രട്ടറി വി.ഇ. അബ്ദുല്‍ ഗഫൂര്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. ജില്ലയുടെ നിരീക്ഷകനായ മുന്‍ എംഎല്‍എ അബ്ദുഹിമാന് രണ്ടത്താണിയുടെ സൗകര്യത്തിന് അനുസരിച്ച് യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ദമ്പതികൾ ചമഞ്ഞ് ക്വാറന്റെെൻ കേന്ദ്രത്തിൽ; ഒടുവിൽ യുവാവിനെ തേടി യഥാർഥ ഭാര്യയെത്തി
എന്നാല്‍, അബ്ദുള്‍ ഗഫൂറിനെയും ടിഎം അബ്ബാസിനെയും യോഗം അറിയിച്ചില്ലെന്ന വിവരം എതിര് വിഭാഗത്തിലെ ഭാരാഹികളിലൊരാള് നിഷേധിച്ചു. അബ്ദുല്‍ ഗഫൂര്‍ തന്നെയാണു യോഗം വിളിച്ചതെന്നും ഭൂരിഭാഗം പേരും യോഗത്തിന് എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്യാനുള്ളത് പ്രധാനപ്പെട്ട വിഷയമായതിനാല്‍ നിരീക്ഷകന്റെ സാന്നിധ്യത്തില്‍ വേണമെന്നാണ് കെപിഎ മജീദ് അറിയിച്ചിരിക്കുന്നതെന്നും ഇന്നത്തെ യോഗത്തിനെത്തിയവരെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലര്‍ പ്രകാരമാണ് യോഗം ചേരുന്നതെന്നാണ് അബ്ദുള്‍ ഗഫൂര്‍ വിരുദ്ധ വിഭാഗം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് യോഗം ചേരാന്‍ പാടില്ലെന്ന് നിര്‍ദേശം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ജില്ലാ ഭാരവാഹികളെ അറയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഓണ്‍ലൈന്‍ വഴിയാണു കെപിഎ മജീദ് നിര്‍ദേശം നല്‍കിയതെന്നാണു വിവരം.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ ഇബ്രാഹിം കുഞ്ഞ് പണം നിക്ഷേപിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജി. ഗിരീഷ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹർജിക്കു പിന്നിൽ പ്രവർത്തിച്ചത് ലീഗ് പ്രവര്‍ത്തകരാണെന്ന കത്ത് സുഹൃത്തായ കെഎസ് സുജിത്ത് കുമാറിനു നല്കാന് ഗിരീഷ് ബാബുവിനോട് അബ്ദുല്‍ ഗഫൂറും അബ്ബാസും ആവശ്യപ്പെട്ടതായാണ് എതിർ വിഭാഗത്തിന്റെ ആരോപണം. അബ്ദുല്‍ ഗഫൂറുമായി ഉറ്റ ബന്ധമുള്ളയാളാണ് സുജിത്ത് കുമാർ എന്നാണ് പറയപ്പെടുന്നത്.
കത്ത് നൽകാൻ പ്രതിഫലമായി അഞ്ച് ലക്ഷം രൂപയായിരുന്നു ഗിരീഷ് ബാബുവിന് വാഗ്ദാനം. അബ്ദുല്‍ ഗഫൂറിന്റെ വീട്ടിൽ വച്ചാണ് ഇതുസംബന്ധിച്ച ചർച്ച നടന്നതെന്നാണ് ഗിരീഷ് ബാബുവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് ജില്ലാ ഭാരവാഹികള്‍ മേയ് 26ന് സംസ്ഥാന കമ്മിറ്റിക്കു പരാതി നല്‍കിയിരുന്നു.
പരാതിയില്‍ അന്വേഷണം നടക്കുന്നതിനാലാണ് ആരോപണവിധേയരെ യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എതിര് വിഭാഗം തീരുമാനിച്ചത്. ഇങ്ങനെ യോഗം നടത്തിയാല്‍ തടയുമെന്ന് ഇബ്രാഹിം കുഞ്ഞ് വിഭാഗം അറിയിച്ചതിനെത്തുടര്‍ന്നാണു സംസ്ഥാന കമ്മിറ്റി ഇടപെട്ടതെന്നാണു വിവരം.
Read Also: ചൈന ആക്രമണകാരിയാകാന്‍ കാരണമെന്താണ്?
അതേസമയം, തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിച്ഛായ നഷ്ടപ്പെടുത്തിക്കൊണ്ട് പാര്‍ട്ടിക്കു മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഇബ്രാഹിം കുഞ്ഞ് വിരുദ്ധവിഭാഗം നേതാക്കളിലൊരാള്‍ പറഞ്ഞു.
”പാര്‍ട്ടി പ്രതിസന്ധിയില്ലാതെ, അന്തസ് നിലര്നിര്ത്തി പോകണമെന്നാണു ജില്ലയിലെ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആഗ്രഹം. പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടി ആക്ഷേപത്തിന് ഇടയാകരുത്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിഷയങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി പോകണമെന്നും ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നേതാവ് പറഞ്ഞു. ആരോപണം തീര്‍ച്ചയായും ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നടപടിയെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇബ്രാഹിം കുഞ്ഞും മകനും ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്തതെന്നുമുള്ള പരാതിയില്‍ വിജിലന്‍സ് ലീഗ് നേതാക്കളുടെ മൊഴിയെടുത്തിരുന്നു.