കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ സംസ്ഥാന തലത്തിലെ പരമോന്നത സമിതിയായ സെക്രട്ടേറിയറ്റിൽ ചരിത്രം തിരുത്തി സ്ത്രീ, ദലിത് പ്രാതിനിധ്യം. മൂന്ന് സ്ത്രീകളെയും രണ്ട് ദലിത് നേതാക്കളെയും ഉൾപ്പെടുത്തിയാണ് ലീഗ് തങ്ങളുടെ ചരിത്രത്തിൽ നിന്നും വഴിമാറുന്നത്. ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ലീഗിന്റെ ചരിത്രം തന്നെ മാറ്റിയ ഈ തീരുമാനമെടുത്തത്.
ലീഗിന്റെ വനിതാ നേതാക്കളായ ഖമറുന്നീസ അൻവർ, അഡ്വ: നൂർബിനാ റഷീദ്, അഡ്വ. കെ. പി മറിയുമ്മ എന്നിവരാണ് ചരിത്രം തിരുത്തി ലീഗിന്റെ പരമോന്നത സമിതിയിലെത്തിയ ആദ്യ വനിതകൾ. ലീഗിന്റെ എം എൽഎയായിരുന്ന യു സി രാമനും എ പി ഉണ്ണികൃഷ്ണനുമാണ് ദലിത് അംഗങ്ങൾ.
പാണക്കാട് ഹൈദലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റായും കെ.പി.എ. മജീദ് ജനറല്‍ സെക്രട്ടറിയായും തുടരും. മുൻ മന്ത്രിയായ ചെർക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറർ. ആരോഗ്യ കാരണങ്ങളാല്‍ ട്രഷറര്‍ പി.കെ.കെ. ബാവ എന്ന മുൻ മന്ത്രി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ചെർക്കളം ട്രഷററാകുന്നത്.
ട്രഷറർ സ്ഥാനത്ത് നിന്നും മാറിയ പി.കെ.കെ ബാവ വൈസ് പ്രസിഡന്റായി നിയമിച്ചു. ബാവയ്ക്ക് പുറമെ എം.സി മായിന്‍ ഹാജി, സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം.ഐ തങ്ങള്‍, പി.എച്ച് അബ്ദുസ്സലാം ഹാജി, സി.മോയിന്‍കുട്ടി, കെ.കുട്ടി അഹമ്മദ്കുട്ടി, ടി.പി.എം സാഹിര്‍, സി.പി ബാവ ഹാജി, സി.എ.എം.എ കരീം, കെ.ഇ അബ്ദുറഹിമാന്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരിയായി തിരഞ്ഞെടുത്തു. പി.എം.എ സലാം, അബ്ദുറഹിമാന്‍ കല്ലായി, കെ.എസ്.ഹംസ, ടി.എം.സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം.ഷാജി എം.എല്‍.എ, അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമപ്പളളി റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
മുസ്‌ലിം ലീഗിന്റെ ഇതുവരെയുളള ചരിത്രത്തിൽ സ്ത്രീ , ദലിത് പ്രാതിനിധ്യം തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിത്വം മാത്രമായിരുന്നു. പലപ്പോഴും സ്ത്രീ വിഷയത്തിൽ ലീഗ് സ്വീകരിക്കുന്ന സമീപനങ്ങൾ ഈ പ്രാതിനിധ്യക്കുറവിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടും ഉണ്ട്. സമീപകാലത്ത് ലീഗിന് വെല്ലുവിളിയായി ഉയർന്നു വന്ന മുസലിംസംഘടനകളുടെ മുൻകൈയിൽ ആരംഭിച്ച രാഷ്ട്രീയ പാർട്ടികളായ വെൽഫെയർ പാർട്ടിയും എസ് ഡി പി ഐയും സ്ത്രീകൾക്കും ദലിതർക്കും കൊടുക്കുന്ന ഗണ്യമായ പ്രാതിനിധ്യവും ലീഗിനെ വിഷമസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ലീഗിന്റെ തീരുമാനം ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഈ സംഘടനകൾ തമ്മിലുളള മത്സരത്തിലുണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ ഐക്യകണ്ഠ്യേനയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. 20,41,650 പേരാണ് മുസ്‌ലിംലീഗില്‍ അംഗങ്ങളാണ് നിലവിലുളളതെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു. ഇതില്‍ അഞ്ചു ലക്ഷത്തോളം പേര്‍ പുതിയതായി അംഗത്വമെടുത്തവരാണ്. യുവാക്കളും തൊഴിലാളികളും വനിതകളും ആനുപാതികമായി വര്‍ധിച്ചു. അതിന്റെ കൂടി പ്രതിഫലനമാണ് എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയ ഭാരവാഹി-സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ്. 27 അംഗ ഭാരവാഹികളില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. മൂന്ന് വനിതാ അംഗങ്ങളെയും രണ്ടു ദളിത് ലീഗ് നേതാക്കളെയും ഉള്‍പ്പെടുത്തിയാണ് 63 അംഗ സെക്രട്ടേറിയറ്റും തെരഞ്ഞെടുത്തതെന്ന് അവർ പറഞ്ഞു