മലപ്പുറം:  പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കാൻ  മലപ്പുറത്തെ രണ്ട്  ജില്ലയാക്കണമെന്ന്  മുസ്‌ലിം ലീഗ്. വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് മലപ്പുറം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നതാണെന്നും ജനസാന്ദ്രത കൂടുതലുള്ള ജില്ലയെ വികസനം മുന്‍നിര്‍ത്തി വിഭജിക്കണമെന്നുമാണ് സാദിഖലി പറഞ്ഞത്. മലപ്പുറം ജില്ലാ രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് സംഘടിപ്പിക്കുന്ന പരിപാടികളെ കുറിച്ച് അറിയിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രാദേശികമായി നിലനില്‍ക്കുന്ന വികസന അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജില്ലയെ രണ്ടായി വിഭജിക്കുന്നത് നല്ലതാണെന്നും ആ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. നടക്കാനിരിക്കുന്ന സുവര്‍ണ ജൂബിലി പരിപാടികളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും സുപ്രധാന തീരുമാനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മുമ്പും മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ നേരത്തേ രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ