കൊച്ചി: കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധിയെത്തിയ സാഹചര്യത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ഘടകകക്ഷികള്‍. മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ് എമ്മുമാണ് അധികം സീറ്റുകള്‍ ആവശ്യപ്പെട്ടത്. രാഹുലിനെ കണ്ട് ഇരുപാര്‍ട്ടി നേതാക്കളും ആവശ്യം ഉന്നയിക്കുകയായിരുന്നു.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്. രാഹുലിനോട് സീറ്റ് ആവശ്യപ്പെട്ടും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേരളത്തിലെ യുഡിഎഫ് യോഗത്തിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറ്റ് രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കേരളാ കോണ്‍ഗ്രസും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി നേതാവ് കെഎം മാണിയാണ് വിവരം അറിയിച്ചത്. അതേസമയം, യോഗത്തില്‍ വിവരം അറിയിച്ചത് പിജെ ജോസഫാണ്. നേരത്തെ രണ്ട് സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്നുവെന്നും രണ്ടിലും ജയിക്കാനായിരുന്നുവെന്നും ജോസഫ് യോഗത്തില്‍ ചൂണ്ടിക്കാണിച്ചു.

എന്നാല്‍ സീറ്റ് വിഷയം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനായിരുന്നു രാഹുലിന്റെ നിര്‍ദ്ദേശം. സീറ്റ് വിഭജനത്തില്‍ തീരുമാനം എടുക്കാന്‍ യുഡിഎഫ് യോഗം ചേരുമെന്ന് ബെന്നി ബഹനാന്‍ അറിയിച്ചു. അധിക സീറ്റു സംബന്ധിച്ച് രാഹുല്‍ യാതൊരു ഉറപ്പും ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.