Latest News

വിഖ്യാത സംഗീതജ്ഞ പാറശാല പൊന്നമ്മാൾ അന്തരിച്ചു

തിരുവനന്തപുരത്തെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം

തിരുവനന്തപുരം: പ്രശ‌സ്‌ത കർണാടക സംഗീതജ്ഞ പാറശാല ബി പൊന്നമ്മാൾ അന്തരിച്ചു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. 2017ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

1924ല്‍ പാറശാലയിൽ പ്രധാനധ്യാപകനായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായിട്ടായിരുന്നു ജനനം. പരേതനായ ആർ. ദൈവനായകം അയ്യരാണ് ഭർത്താവ്. സുബ്രഹ്മണ്യം, മഹാദേവൻ എന്നിവരാണ് മക്കൾ.

ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പഠനം. തിരുവനന്തപുരത്തെ സ്വാതിതിരുന്നാൾ സംഗീത കോളജിലായിരുന്നു ബിരുദ പഠനം. അവിടത്തെ ആദ്യ സംഗീത വിദ്യാർത്ഥിനിയും ആദ്യത്തെ വനിതാ പ്രിൻസിപ്പലുമായിരുന്നു പൊന്നമ്മാൾ.

1942ൽ സ്വാതി തിരുനാൾ മ്യൂസിക് അക്കാദമിയിൽനിന്നു മൂന്നു വർഷത്തെ പഠനം പൂർത്തിയാക്കി. 1952ൽ അവിടെത്തന്നെ അധ്യാപികയായി ചേർന്നു. ആദ്യത്തെ സംഗീത അധ്യാപികയായിരുന്നു. 1970 തൃപ്പൂണിത്തറ ആർഎൽവി സംഗീത കോളേജിൽ പ്രിൻസിപ്പലായി. അവിടെ നിന്നും 1980ൽ വിരമിച്ചു.

എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിൽ പ്രശസ്തരായ നിരവധി സംഗീതജ്ഞരുടെ ഗുരുവായിരുന്നു പൊന്നമ്മാൾ. നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ. രാമചന്ദ്രൻ, ഡോ. ഓമനക്കുട്ടി, കുമാരകേരള വർമ, എം.ജി.രാധാകൃഷ്ണൻ, പൂവരണി കെ.വി.പി.നമ്പൂതിരി തുടങ്ങിയവർ പ്രധാന ശിഷ്യരാണ്.

1965ൽ ഗായകരത്നം അവാർഡ് ലഭിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്, കേന്ദ സംഗീത നാടക അക്കാദമി അവാർഡ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം തുടങ്ങിയ ബഹുമതികളും സ്വന്തമാക്കി.

പാറശ്ശാല പൊന്നമ്മാളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കലർപ്പില്ലാത്ത സംഗീതത്തിന്റെ വക്താവായിരുന്നു അവർ. തിരുവനന്തപുരം സംഗീത കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പാൾ ആയിരുന്ന പാറശ്ശാല പൊന്നമ്മാൾ സ്വാതിതിരുനാൾ അടക്കമുള്ള കേരളീയ വാഗ്വേയകാരന്മാരുടെ കൃതികൾ പ്രചരിപ്പിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. തിരുവനന്തപുരം നവരാത്രി സംഗീത മണ്ഡപത്തിൽ സ്ത്രീകൾക്ക് കയറി പാടാൻ അവസരം ഉണ്ടായിരുന്നില്ല. അവിടെ ആദ്യമായി കയറി പാടിയത് പാറശ്ശാല പൊന്നമ്മാളായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Read Also: ലക്ഷദ്വീപ്: രണ്ട് വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Musician parassala b ponnammal passed away

Next Story
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികൾ ജാഗ്രത പാലിക്കണംrain, kerala rain, cyclone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com