തിരുവനന്തപുരം: കാറപകടത്തിൽ പരുക്കേറ്റ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ബാലഭാസ്കർ ഇപ്പോഴും വെന്റിലേറ്ററിലാണ്. അതേസമയം ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. ലക്ഷ്മിക്ക് ഇന്നലെ ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററിൽനിന്നും ഇന്ന് മാറ്റിയേക്കും.

അതിനിടെ, അപകടത്തിൽ മരിച്ച രണ്ടു വയസ്സുളള മകൾ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ബാലഭാസ്കറും ഭാര്യയും അബോധാവസ്ഥയിലായിരുന്നതിനാൽ ഇരുവരെയും കാണിക്കാതെയായിരുന്നു സംസ്കാരം.

തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.