കോഴിക്കോട്: സംഗീത സംവിധായകനും കർണാടക സംഗീതജ്ഞനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു. 58 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
കൈമൃതദേഹം തിരുവണ്ണൂർ സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച രാവിലെ ഒൻപതിന് തിരുവണ്ണൂർ കോവിലകം ശ്മശാനത്തിൽ നടക്കും.
സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ് കൈതപ്രം വിശ്വനാഥൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീതവും നിർവഹിച്ച ജയരാജ് ചിത്രം ദേശാടനത്തിൽ സംഗീത സംവിധാന സഹായിയായാണ് സിനിമാ ഗാന രംഗത്തേക്കുള്ള പ്രവേശനം. ജയരാജിന്റെ തന്നെ കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.
തിളക്കം, ദൈവനാമത്തിൽ, ഉള്ളം, ഏകാന്തം, മദ്ധ്യവേനൽ, നീലാംബരി, ഓർമ്മ മാത്രം എന്നീ ചിത്രങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചു. ചലച്ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിട്ടുണ്ട്. 2001ൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്.
963 ൽ കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിൽ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്റെയും മകനായാണ് ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽനിന്നു ഗാനഭൂഷണം പാസായി. സംഗീതാധ്യാപകൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പ്രശസ്ത സംഗീതജ്ഞന് കൈതപ്രം വിശ്വനാഥന്റെ അകാല വിയോഗം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ സംഗീതത്തിൻ്റെ ഭാവം പകരുന്നതിന് വിജയകരമാം വിധം ശ്രമിച്ച സംഗീത സംവിധായകനാണദ്ദേഹം. കുറച്ചു ഗാനങ്ങൾ കൊണ്ട് ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക് പ്രിയങ്കരനായി മാറിയ പ്രതിഭയാണ് കൈതപ്രം വിശ്വനാഥന്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അനുശോചിച്ചു. 2001 ലെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കൈതപ്രം വിശ്വനാഥന് ചുരുങ്ങിയ കാലം കൊണ്ട് ചലച്ചിത്ര സംഗീത മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ പ്രതിഭയായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.