കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 73 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ഈ മാസം 14ന് അദ്ദേഹം സ്വീകരിച്ചിരുന്നു. മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.
മലയാളം, തമിഴ് ഭാഷകളിലായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമാ ഗാനങ്ങൾക്കൊപ്പം നാടക ഗാനങ്ങൾ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയും ചിട്ടപ്പെടുത്തി. സംവിധാനത്തോടൊപ്പം ഗാനരചനയും അദ്ദേഹം നിർവഹിച്ചു.
1949 മാർച്ച് 9ന് ആലപ്പുഴയിൽ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗതവതരുടെയും ഗാനഭൂഷണം എംജിദേവമ്മാളുടെയും മകനായി ജനിച്ചു. നൃത്തസംഗീതങ്ങളിലുള്ള അഭ്യാസനത്തിനുശേഷം നാടകങ്ങളിലും, നൃത്തനാടകങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
1973 ൽ പി.എ. തോമസ്സിന്റെ ‘ജീസ്സസ്’ എന്ന ചിത്രത്തിനുവേണ്ടി ‘ഹോസാന…’ എന്ന ഗാനത്തിനാണ് ആദ്യമായി സംഗീതം നൽകിയത്. ആരാന്റെ മുല്ല കൊച്ചുമുല്ല, പപ്പൻ പ്രിയപ്പെട്ട പപ്പൻ, തുടങ്ങി ആറ് ചിത്രങ്ങൾക്ക് സംഗീതം നൽകി. സംഗീത കാസറ്റുകൾക്കും സംഗീതം നിർവ്വഹിച്ചു. അമ്പാടി തന്നിലൊരുണ്ണി എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
നർത്തകിയും അധ്യാപികയുമായ ബി. രാജശ്രീ ആണ് ഭാര്യ.