കൊച്ചി: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഹൈക്കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ഡോക്ടര്‍മാര്‍ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നുവെങ്കില്‍ മുരുകന് മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പു പ്രകാരമുള്ള നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മുരുകന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട ഒരു നടപടികളും മെഡിക്കല്‍ കോളജിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതി തേടിയെങ്കിലും പൊലീസ് സമയം ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ലേക്ക് മാറ്റിയതായും ഹൈക്കോടതി അറിയിച്ചു.

ഡോക്ടര്‍മാര്‍ക്കെതിരെ എന്തെല്ലാം വകുപ്പുകള്‍ ചുമത്താന്‍ സാധിക്കുമെന്നതിന് വിദഗ്‌ധോപദേശം തേടിയിട്ടുണ്ടെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.

ഓഗസ്റ്റ് ഏഴാം തീയതിയാണ് റോഡപകടത്തിൽ പരുക്കേറ്റ മുരുകനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. യഥാസമയം ചികിത്സ ലഭിക്കാത്തതു മൂലമായിരുന്നു മുരുകന്റെ മരണം. തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും മുരുകന് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ