തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലയിലെ പ്രതി കാഡൽ ജീൻസൺ രാജയെ കവടിയാറിലെ പെട്രോൾ പമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ കത്തിക്കാൻ കാഡൽ പെട്രോൾ വാങ്ങിയത് ഇവിടെനിന്നാണ്. പെട്രോൾ വാങ്ങിയശേഷം കാഡൽ കയറിയ ഓട്ടോ ഡ്രൈവറും ഇയാളെ തിരിച്ചറിഞ്ഞു.

”ആറാം തീയതി വൈകിട്ട് അഞ്ചുമണിയോടെയാണ് കാഡൽ ഓട്ടോറിക്ഷയിൽ കയറിയത്. രണ്ടു കന്നാസുകളിലായി 20 ലിറ്റർ പെട്രോൾ കയ്യിലുണ്ടായിരുന്നു. എന്തിനെന്ന് ചോദിച്ചപ്പോൾ കാറിൽ ഊട്ടിയിൽ പോകാനാണെന്നു പറഞ്ഞുവെന്നും” ഓട്ടോ ഡ്രൈവർ തങ്കച്ചൻ മൊഴി നൽകി.

അതിനിടെ കാഡൽ മൊഴി നിരന്തരം മാറ്റി പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്. രക്ഷിതാക്കളോടുള്ള വൈരാഗ്യത്തിലാണു താൻ കൊല നടത്തിയതെന്നാണ് അവസാനം നൽകിയ മൊഴി. ആത്മാവിനെ ശരീരത്തിൽ നിന്നു വേർപെടുത്തുന്ന പരീക്ഷണമായ ആസ്ട്രൽ പ്രൊജക്‌ഷൻ ചെയ്യുന്നതിനിടെ കൊല നടത്തിയെന്നാണു നേരത്തെ പറഞ്ഞത്. വീട്ടുകാരിൽ നിന്നുണ്ടായ നിരന്തര അവഗണന മനോവിഷമം ഉണ്ടാക്കിയെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും മൊഴി നൽകിയിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് ജീൻസന്റെ മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരാണ് മരിച്ചത്. ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ശുചിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ